Connect with us

Ongoing News

നിര്‍ണായക ഏറ്റുമുട്ടല്‍ ഇന്ന്

Published

|

Last Updated

ബെംഗളൂരു: ഇന്ത്യ ആസ്‌ത്രേലിയ രണ്ടാമത്തെയും അവസാനത്തെയും ടി20 മത്സരം ഇന്ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കും. രാത്രി ഏഴ് മുതലാണ് മത്സരം. വിശാഖപട്ടണത്ത് ആദ്യ മത്സരത്തില്‍ തോറ്റ ഇന്ത്യക്ക് പരമ്പര കൈവിടാതിരിക്കാന്‍ ഇന്ന് ജയിച്ചേ മതിയാകൂ. വിശാഖപട്ടണത്ത് അവസാന ഓവറിലെ അവസാന പന്തിലാണ് ഇന്ത്യ മുട്ടുമടക്കിയത്. സ്വന്തം നാട്ടില്‍ ആസ്‌ത്രേലയിക്ക് മുന്നില്‍ ഇതുവരെ ടി20 പരമ്പര അടിയറവ് വെച്ചിട്ടില്ലെന്ന വെല്ലുവിളി ഇന്നിറങ്ങുമ്പോള്‍ ഇന്ത്യക്ക് മുന്നിലുണ്ട്.

ആദ്യ കളിയില്‍ നിരാശരാക്കിയ ബാറ്റിംഗ് നിര ഉണരുമെന്ന പ്രതീക്ഷയിലാണ് നായകന്‍ വിരാട് കോഹ്‌ലി. ഇടവേളക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ ലോകേഷ് രാഹുല്‍ മാത്രമാണ് ആദ്യ മത്സരത്തില്‍ പിടിച്ചുനിന്നത്. രാഹുലിന് പുറമേ കോഹ്‌ലിയും (24) എസ് ധോണിയും (29) മാത്രമാണ് ആ ഇന്നിംഗ്‌സില്‍ രണ്ടക്കം കണ്ടത്.
രോഹിത് ശര്‍മക്കൊപ്പം ഓപ്പണ്‍ ചെയ്ത രാഹുല്‍ 36 പന്തില്‍ നിന്ന് 50 റണ്‍സെടുത്തിരുന്നു. ആറ് ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. ആദ്യ കളിയില്‍ ഓപ്പണര്‍ ശിഖര്‍ ധവാന് വിശ്രമം അനുവദിച്ചാണ് രാഹുലിന് അവസരം കൊടുത്തത്. ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ രാഹുലിന് പകരം ധവാനെ തന്നെ കളിപ്പിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.
ബൗളിംഗ് നിരയില്‍ തിളങ്ങാന്‍ സാധിക്കാത്ത ഉമേഷ് യാദവ് ഇന്ന് കളിക്കാനിറങ്ങാന്‍ സാധ്യതയില്ല. അങ്ങനെയെങ്കില്‍ നറുക്കുവീഴുക സിദ്ധാര്‍ഥ് കൗളിനായിരിക്കും.

നിര്‍ണായക മത്സരത്തിനിറങ്ങുന്നതിന് മുന്നോടിയായി ഇന്നലെ ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തി. കോഹ്‌ലിയും ജസ്പ്രീത് ബുംറയും ഉള്‍പ്പെടുന്ന താരങ്ങളാണ് പരിശീലനത്തിനിറങ്ങിയത്. കോഹ്‌ലിയും ശിഖര്‍ ധവാനുമാണ് ആദ്യം നെറ്റ്‌സില്‍ കളിച്ചത്.
ആള്‍റൗണ്ടര്‍ കുര്‍ണാല്‍ പാണ്ഡ്യ ബൗളിംഗ് പ്രാക്ടീസ് നടത്തി. ശിഖര്‍ ധവാന്‍ പരിശീലത്തിനെത്തിയെങ്കിലും ഇന്ന് പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുമോ എന്ന് ഉറപ്പായിട്ടില്ല. മായങ്ക് മര്‍ക്കാണ്ഡെക്ക് പകരം ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ ഇറക്കിയുള്ള പരീക്ഷണത്തിനും ടീം ഇന്ത്യ ശ്രമിച്ചേക്കും.

സാധ്യതാ ടീം വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, എം എസ് ധോണി, ക്രുനാല്‍ പാണ്ഡ്യ, വിജയ് ശങ്കര്‍ /മായങ്ക് മര്‍ക്കാണ്ഡെ, സിദ്ധാര്‍ഥ് കൗള്‍ /ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹല്‍.
ആസ്‌ത്രേലിയ ആരോണ്‍ ഫിഞ്ച്, ഡാര്‍സി ഷോര്‍ട്ട്, മാര്‍ക്കസ് സ്‌റ്റോയ്ണിസ്, പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജൈ റിച്ചാര്‍ഡ്‌സന്‍, നതാന്‍ കോള്‍ട്ടര്‍ നൈല്‍, പീറ്റര്‍ ഹാന്‍ഡ്‌സോംബ്, ആഷ്ടണ്‍ ടേര്‍ണര്‍, ആദം സാംപ, ജാസണ്‍ ബെറന്‍ഡോര്‍ഫ്.

Latest