ചിലര്‍ക്ക് രാജ്യത്തെക്കാള്‍ പ്രധാനം കുടുംബം; റഫാല്‍ ഇന്ത്യയുടെ ആകാശത്ത് പറക്കുക തന്നെ ചെയ്യും: മോദി

Posted on: February 25, 2019 10:53 pm | Last updated: February 25, 2019 at 10:53 pm

ന്യൂഡല്‍ഹി: ഇന്ത്യയിലെ ചിലര്‍ക്ക് രാജ്യത്തെക്കാള്‍ കുടുംബമാണ് പ്രധാനമെന്ന ആരോപണവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ മുന്‍ സര്‍ക്കാരുകളും കോണ്‍ഗ്രസും ലാഭം നേടുന്നതിനും അഴിമതിക്കുമായാണ് പ്രതിരോധ സേനയെ ഉപയോഗിച്ചത്.

ബോഫോഴ്‌സ് മുതല്‍ ഹെലികോപ്റ്റര്‍ കരാര്‍ വരെയുള്ള എല്ലാ അഴിമതിക്കേസുകളിലെ അന്വേഷണവും ഒരു കുടുംബത്തിലേക്കാണ് എത്തിച്ചേരുന്നതെന്ന് ഡല്‍ഹിയില്‍ യുദ്ധസ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മുന്‍ സൈനികരോട് സംസാരിക്കവെ പ്രധാന മന്ത്രി പറഞ്ഞു.

അഴിമതിയും മറ്റും ആരോപിച്ച് റഫാല്‍ വിമാനങ്ങള്‍ രാജ്യത്തെത്താതിരിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. എന്നാല്‍, എന്തൊക്കെ ആരോപണങ്ങള്‍ ഉന്നയിച്ചാലും റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയുടെ ആകാശത്ത് പറക്കുക തന്നെ ചെയ്യും.

യുദ്ധസ്മാരകം നിര്‍മിക്കുന്നതിലും മുന്‍ സര്‍ക്കാറുകള്‍ വീഴ്ച വരുത്തി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ യുദ്ധസ്മാരകത്തിനായി ചെറിയ ചില ശ്രമങ്ങള്‍ മാത്രമാണുണ്ടായത്. 2014ല്‍ അധികാരത്തില്‍ വന്ന എന്‍ ഡി എ സര്‍ക്കാരാണ് സ്മാരകത്തിന്റെ പണി തുടങ്ങിയത്. ഇപ്പോഴത് പൂര്‍ത്തിയാക്കുകയും ചെയ്തു. സൈനിക ക്ഷേമത്തിനു വേണ്ട നടപടികള്‍ സ്വീകരിച്ചതും എന്‍ ഡി എ സര്‍ക്കാരാണെന്ന് പ്രധാന മന്ത്രി കൂട്ടിച്ചേര്‍ത്തു.