Connect with us

Alappuzha

അതിരപ്പിള്ളി പദ്ധതിയെ പിന്തുണക്കുന്ന പ്രസ്താവനയുമായി വീണ്ടും മന്ത്രി എം എം മണി

Published

|

Last Updated

പൂച്ചാക്കല്‍(ആലപ്പുഴ): അതിരപ്പിള്ളി പദ്ധതിയെ പിന്തുണച്ച് മന്ത്രി എം എം മണി വീണ്ടും. പദ്ധതിക്കെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള പരിസ്ഥിതി സംഘടനകളും സി പി ഐ അടക്കമുള്ള ഇടതുഘടക കക്ഷികളും ശക്തമായി നിലയുറപ്പിച്ചിരിക്കുന്നതിനിടെയാണ് മന്ത്രി എം എം മണി തന്റെ നിലപാട് ആവര്‍ത്തിച്ചത്.

അതിരപ്പിള്ളി പദ്ധതി നിരുപദ്രവകരമാണെന്നായിരുന്നു മന്ത്രി പൂച്ചാക്കലില്‍ വൈദ്യുതി ബോര്‍ഡ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞത്. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ പറയാന്‍ അദ്ദേഹം തയ്യാറായില്ല. ഇടുക്കിയില്‍ രണ്ടാമതായി ഒരു വൈദ്യുതനിലയം സ്ഥാപിച്ചും സൗരോര്‍ജത്തിലൂടെയും വൈദ്യുതി ഉത്പാദനത്തില്‍ കേരളത്തെ സ്വയംപര്യാപ്തതയില്‍ എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളി പാരിഷ് ഹാളില്‍ പള്ളിപ്പുറം മാട്ടുമ്മേല്‍ തുരുത്ത് വൈദ്യുതീകരണ പ്രഖ്യാപനം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജലവൈദ്യത പദ്ധതികളെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാന്‍ സാധ്യമല്ല. കല്‍ക്കരി നിലയം എന്ന ആശയം നടപ്പിലാകാത്ത സാഹചര്യത്തില്‍ സൗരോര്‍ജത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രളയാനന്തരം 10 ദിവസം കൊണ്ട് വൈദ്യുതി പുനഃസ്ഥാപിച്ച് കേരളം മാതൃകയായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.