മുഷ്താഖ് അലി ട്രോഫി: ഡല്‍ഹിയോട് അടിയറവ് പറഞ്ഞ് കേരളം

Posted on: February 25, 2019 9:42 pm | Last updated: February 25, 2019 at 9:42 pm

മൂലാപാഡ്: സയീദ് മുഷ്താഖ് അലി ട്രോഫി ടി ട്വന്റി ടൂര്‍ണമെന്റില്‍ കേരളത്തെ ഏഴു വിക്കറ്റിന് ഡല്‍ഹി തകര്‍ത്തു. ടോസിന്റെ ആനുകൂല്യം ലഭിച്ച് ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം 20 ഓവറും ബാറ്റുചെയ്‌തെങ്കിലും മികച്ച സ്‌കോര്‍ കെട്ടിപ്പടുക്കാന്‍ കഴിഞ്ഞില്ല. ഏഴു വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 139ല്‍ ഒതുങ്ങി. ഒമ്പതു പന്തുകള്‍ ശേഷിക്കെ മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി
ഡല്‍ഹി ലക്ഷ്യം നേടി.

നായകന്‍ സച്ചിന്‍ ബേബി (37), വിനൂപ് മനോഹരന്‍ (38), ഡാരില്‍ ഫെറാരിയോ (19), വിഷ്ണു വിനോദ് (18) എന്നിവരാണ് കേരളത്തിനു വേണ്ടി താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ഉന്‍മുക്ത് ചന്ദിന്റെയും (33) ഹിതന്‍ ധലാലിന്റെയും (28) ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ കരുത്തില്‍ അനായാസം വിജയത്തിലേക്ക് കുതിച്ചെത്തി. മൂന്നാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി പടുത്തുയര്‍ത്തിയ ഉന്മുക്ത്-നിതീഷ് കൂട്ടുകെട്ടും വിജയത്തില്‍ നിര്‍ണായകമായി.

മുന്‍ മത്സരങ്ങളില്‍ മണിപ്പൂരിനെയും ആന്ധ്രയെയും കേരളം കീഴടക്കിയിരുന്നു.