ബി ജെ പിക്ക് ബംഗാൾ പിടിക്കണം, ആരെ നിർത്തും?

Posted on: February 25, 2019 1:02 pm | Last updated: February 25, 2019 at 1:02 pm

കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ പശ്ചിമ ബംഗാളിൽ സ്ഥാനാർഥികളെ കണ്ടെത്താനാകാതെ ബി ജെ പി വിഷമവൃത്തത്തിൽ. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് കാര്യമായ നേട്ടം കൊയ്യാനാകില്ലെന്ന് ഉറപ്പുള്ള ബി ജെ പി നേതൃത്വം, പശ്ചിമ ബംഗാൾ, ഒഡീഷ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ഇത്തവണ കൂടുതൽ സീറ്റ് ലക്ഷ്യമിട്ടാണ് മുന്നോട്ടുപോകുന്നത്.

പശ്ചിമ ബംഗാളിൽ പാർട്ടിക്കുള്ളിലെ വിവിധ വിഭാഗങ്ങൾ ജയസാധ്യതയുള്ള സീറ്റിനായി മുന്നോട്ടുവന്നതോടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാകാതെ കേന്ദ്ര നേതൃത്വം കുഴങ്ങിയിരിക്കുകയാണ്. വടക്കൻ ബംഗാളിലെ ചില മണ്ഡലങ്ങളിൽ അമ്പത് വരെ സ്ഥാനാർഥികൾ സീറ്റിനായി രംഗത്തുണ്ടെന്ന് ബി ജെ പി നേതൃത്വം തന്നെ പറയുന്നു.
സംസ്ഥാനത്ത് 42 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്.

ഓരോ മണ്ഡലങ്ങത്തിലും മൂന്നോ നാലോ പേര് ഉൾപ്പെടുത്തി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് അയക്കാറാണ് പതിവ്. ഇത്തവണ പാർട്ടി തിരഞ്ഞെടുപ്പ് സമിതിയിലെ പതിനാറ് അംഗങ്ങളും അവരുടെ മേഖലയിലെ മണ്ഡലങ്ങളിൽ നിന്ന് മൂന്ന് പേരെ നിർദേശിക്കുകയാണ് ചെയ്യുന്നതെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. വിജയ സാധ്യത മാത്രം പരിഗണിച്ചായിരിക്കും സീറ്റ് നൽകുകയെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ ദീലീപ് ഘോഷ് പറഞ്ഞു.