പുല്‍വാമ: ഇമ്രാന്‍ ഖാന്‍ നിഷ്‌കളങ്കതയുടെ മുഖംമൂടി അഴിച്ചുവെക്കണമെന്ന് അസദുദ്ദീന്‍ ഉവൈസി

Posted on: February 24, 2019 5:23 pm | Last updated: February 24, 2019 at 7:49 pm

മുംബൈ: പുല്‍വാമ ഭീകരാക്രമണത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ആക്രമണത്തില്‍ പാക് സര്‍ക്കാരിനും ഇമ്രാന്‍ ഖാനും അനിഷേധ്യമായ പങ്കുണ്ടെന്ന് ഉവൈസി
പറഞ്ഞു.

ഇത് ആദ്യമായിട്ടല്ല. നേരത്തെ പത്താന്‍കോട്ടിലും ഉറിയിലുമെല്ലാം ഇതുതന്നെയാണ് നടന്നത്. നിങ്ങള്‍ തന്നെയാണ് തുടക്കമിട്ടത്. പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ നിഷ്‌കളങ്കതയുടെ മുഖംമൂടി അഴിച്ചുവെക്കണം. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ പാക് സര്‍ക്കാര്‍, സൈന്യം ചാര സംഘടനയായ ഐ എസ് ഐ എന്നിവര്‍ക്കു പങ്കുണ്ടെന്നത് സുവ്യക്തമാണ്-ഉവൈസി പറഞ്ഞു.

ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം പള്ളിയില്‍ നിന്ന് ബാങ്കു വിളിയും ക്ഷേത്രങ്ങളില്‍ നിന്ന് മണിമുഴക്കവും ഉയരുക തന്നെ ചെയ്യുമെന്നും ഉവൈസി പ്രതികരിച്ചു. പ്രവാചകന്‍ ഒരിക്കലും ഒരാളെയും കൊല്ലാന്‍ പറഞ്ഞിട്ടില്ല. കൊലപാതകം നിര്‍വഹിക്കുന്ന നിങ്ങള്‍ ജയ്ഷ്വ മുഹമ്മദല്ല, ജയ്ഷ്വ സാത്താനാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.