Connect with us

Kerala

കാന്തപുരത്തെ ഗ്രാന്‍ഡ്‌ മുഫ്തിയായി പ്രഖ്യാപിച്ചു

Published

|

Last Updated

ന്യൂ ഡൽഹി: ഇന്ത്യയിലെ ഗ്രാൻഡ് മുഫ്തിയായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ നിയമിച്ചു. ന്യൂ ഡൽഹിയിലെ രാം ലീല മൈതാനിയിൽ നടന്ന ബഹുജന സമ്മേളനത്തിൽ രാജ്യത്തെ പ്രധാന സുന്നി സംഘടനയായ ഓള്‍ ഇന്ത്യാ തന്‍സീം ഉലമായെ ഇസ്്ലാം സംഘടിപ്പിച്ച ഗരീബ് നവാസ് സമാധാന സമ്മേളനത്തിലാണ് കാന്തപുരത്തെ ഈ പദവിയിലേക്ക് നിയമിച്ചത്. പ്രശസ്ത പണ്ഡിതനായിരുന്ന, 2018 ജൂലൈയിൽ വിടപറഞ്ഞ അഖ്‌തർ റസാ ഖാൻ ബറേൽവി-യായിരുന്നു നേരത്തെ ഈ സ്ഥാനത്ത് ഉണ്ടായിരുന്നത്. ഇനി മുതൽ രാജ്യത്തെ സുന്നി വിശ്വാസ പ്രകാരം ജീവിക്കുന്ന മുസ്‌ലിംകളുടെ മത വിഷയങ്ങളിൽ ഔദ്യോഗികമായി ഫത്‌വ (മതവിധി) നൽകാനുള്ള ഏറ്റവും ഉയർന്ന സ്ഥാനം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് ആയിരിക്കും.

സുന്നി സൂഫി ധാരയിലെ വ്യത്യസ്ത മദ്ഹബുകളിൽ വിശ്വസിക്കുന്ന ഇന്ത്യയിലെ ഭൂരിപക്ഷം മുസ്‌ലിം ജനതയുടെ പരമോന്നത നേതാവായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ അംഗീകരിക്കുന്നതാണ് പ്രഖ്യാപനം. ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു പണ്ഡിതൻ ആദ്യമായാണ് ഈ സ്ഥാനത്ത് എത്തുന്നത്.

ലോകത്തെ മുസ്ലിംകൾ ഉള്ള രാജ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട പണ്ഡിത സ്ഥാനമാണ് ഗ്രാൻഡ് മുഫ്‌തി. തുര്‍ക്കി കേന്ദ്രീകരിച്ചു നിലനിന്ന ഉസ്മാനിയ്യാ ഭരണകാലത്താണ് ഈ പദവി ആദ്യമായി ഉപയോഗിക്കപ്പെട്ടത്. ഇസ്‌ലാമിക കൂട്ടായ്മകൾക്ക് നേതൃത്വം നൽകുന്ന വിവിധ മുഫ്തിമാരുടെ തലവനാണ് ഇത്.

ഇന്ത്യന്‍ സുന്നി മുസ്‌ലിംകള്‍ ഏകീകൃത പ്ലാറ്റ്‌ഫോമിലേക്ക് കടന്നുവരണമെന്ന് സമാധാന സമ്മേളനത്തില്‍ കാന്തപുരം ആഹ്വാനം ചെയ്തു.
വിശ്വാസപരമായ നിലപാടുകളില്‍ ഉറച്ചുനില്‍കുന്നതോടൊപ്പം ഇസ്‌ലാമിലെ കര്‍മശാസ്ത്ര വൈവിധ്യങ്ങള്‍ ഐക്യത്തിന് തടസ്സമാകരുത്. ഇന്ത്യയിലെ സുന്നി മുസ്‌ലിംകള്‍ വ്യത്യസ്ത ചിന്താധാരകള്‍ പിന്തുടരുന്നവരാണെന്നും അവര്‍ വിശ്വാസപരമായി സമാന ധാരയിലുള്ളവരാണെന്നും കാന്തപുരം വ്യക്തമാക്കി. മുസ്‌ലിംകള്‍ തങ്ങളുടെ പുരോഗതിക്ക് വേണ്ടി ഒരു കെട്ടിടം അതിന്റെ വിവിധ”ഭാഗങ്ങള്‍ ശക്തിപ്പെടുത്തും പോലെ സഹായിക്കണം.
സമുദായത്തിലെ പിന്നാക്ക- ദുര്‍ബല വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കേണ്ടത് സമുദായത്തിലെ എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.


ഗരീബ് നവാസ് സമാധാന സമ്മേളനം വീക്ഷിക്കാനായി രാം ലീല മൈതനായില്‍ പതിനായിരങ്ങളാണ് ഒത്തുകൂടിയത്. കാന്തപുരത്തെ ഗ്രാന്‍ഡ് മുഫ്തായാക്കിയുള്ള ഇന്ത്യന്‍ മുസ്‌ലിം പണ്ഡിതന്മാരുടെ പ്രഖ്യാപനം തക്ബീര്‍ വിളികളോടെ വിശ്വാസികള്‍ ഏറ്റെടുത്തു. ഉത്തരേന്ത്യയിലെ പ്രമുഖ സൂഫി പണ്ഡിതന്‍ ഹസ്റത്ത് മന്നാന്‍ ഖാന്‍ റസ്‌വി ബറേലിയെയും കാന്തപുരം എ പി അബുക്കര്‍ മുസ്‌ലിയാരെയും പണ്ഡിതര്‍ ഷാള്‍ അണിയിച്ച് ആദരിച്ചു.


ഡോ. അമീന്‍ മിയ ബറക്കാത്തി, മുഈനെ മില്ലത്ത് സയ്യിദ് മുഈനുദ്ദീന്‍ ജീലാനി, മുഹമ്മദ് അശ്ഫാഖ് ഹുസൈന്‍ മിസ്ബാഹി ഡല്‍ഹി, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, മുഫ്തി മുക്റം അഹ് മദ് യുപി, ഹസ്‌റത്ത് മന്നാന്‍ റാസ ബറേല്‍വി, ഹസ്‌റത്ത് ബാബര്‍ മിയ അജ് മീരി, ജാവേദ് നഖ്ശബന്ധി ഡല്‍ഹി, ശിഹാബുദ്ദീന്‍ റസ്വി ബറേല്‍വി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങി രാജ്യത്തെ പ്രമുഖ മുസ്‌ലിം പണ്ഡിതരും സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു.

1993 മുതൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായ കാന്തപുരം എ.പി അബൂബക്കർ ഇന്ത്യയിൽ നിന്നുള്ള ലോകത്തെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഇസ്‌ലാമിക പണ്ഡിതനാണ്. ജോർദ്ധാനിലെ റോയൽ ഇസ്‌ലാമിക് സ്‌ട്രാറ്റജിക് സ്റ്റഡീസ് സെന്റർ പുറത്തിറക്കുന്ന ലോകത്തെ പ്രധാന 500 ഇസ്‌ലാമിക വ്യക്തിത്വങ്ങളിൽ കഴിഞ്ഞ നിരവധി വർഷമായുള്ള ഇന്ത്യയിൽ നിന്നുളള പണ്ഡിതൻ, ലോക മുസ്‌ലിം പണ്ഡിതരുടെ ബൗദ്ധിക വേദിയായ റോയൽ ആലുൽ ബൈത്ത് ഇൻസ്റ്റിട്ട്യൂട്ടിലെ സ്ഥിരാംഗം, അറബ് ലോകത്തെ മുസ്‌ലിം പണ്ഡിത സമ്മേളങ്ങളിൽ ക്ഷണിക്കപ്പെടുന്ന പ്രധാന പണ്ഡിതൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയനാണ് . ഇന്ത്യയിലെ 23 സംസ്ഥങ്ങളിലായി നിരവധി വിദ്യാഭ്യാസ സ്ഥാപങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് കീഴിൽ നടക്കുന്നു. ശ്രദ്ധേയനായ എഴുത്തുകാരനും പ്രഭാഷകനും ബഹുഭാഷാ പണ്ഡിതനുമായ കാന്തപുരം അറബി, ഉറുദു, മലയാളം ഭാഷകളിലായി അൻപത് രചനകൾ നടത്തിയിട്ടുണ്ട്. ഇവയിൽ പലതും പ്രസിദ്ധീകരിച്ചത് അറബ് രാജ്യങ്ങളിലെ പ്രസാധനാലയങ്ങളാണ്.

 

 

Latest