എസ്എസ്എഫ് ദേശീയ സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം

Posted on: February 23, 2019 1:55 pm | Last updated: February 23, 2019 at 6:14 pm
എസ്എസ്എഫ് ദേശീയ പ്രതിനിധി സമ്മേളനം ന്യൂഡല്‍ഹി സിവിക് സെന്ററില്‍ ജോദ്പൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അക്തര്‍ വാസി ഉദ്ഘാടനം ചെയ്യുന്നു

ന്യൂഡൽഹി: എസ്എസ്ഫ് ദേശീയ സമ്മേളനത്തിന് രാജ്യ തലസ്ഥാനത്ത് പ്രൗഢോജ്വല തുടക്കം. സമ്മേളന നഗരിയായ രാംലീല മൈതാനിയില്‍ ഇന്ന് രാവിലെ സുന്നി വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ത്രിവര്‍ണ പതാക വാനിലുയര്‍യര്‍ന്നതോടെയാണ് രണ്ട് ദിവസത്തെ സമ്മേളനത്തിന് സമാരംഭം കുറിച്ചത്. തുടര്‍ന്ന് ന്യൂഡല്‍ഹി സിവിക് സെന്ററില്‍ നടന്ന പ്രതിനിധി സമ്മേളനം ജോദ്പൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അക്തര്‍ വാസി ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ 23 സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളും പ്രതിനിധികളും പ്രഥമ ദേശീയ സമ്മേളനത്തിലേക്ക് ഇന്നലെ രാത്രിയോടെ തന്നെ എത്തിത്തുടങ്ങിയിരുന്നു.

ന്യൂഡല്‍ഹിയിലെ ആംഗ്ലോ- അറബിക് സ്‌കൂളില്‍ സജ്ജീകരിച്ച രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ വഴി രജിസ്‌ട്രേഷന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ചാണ് പ്രധിനികള്‍ സമ്മേളനത്തിനെത്തിയത്. വിപുലമായ സജ്ജീകരണങ്ങളാണ് പ്രതിനിധികളെ സ്വീകരിക്കാന്‍ സമ്മേളന നഗരിയില്‍ സ്വാഗത സംഘം ഒരുക്കിയത്.

ജെ എന്‍ യു ഉള്‍പ്പടെയുള്ള സര്‍വകലാശാല വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലുമായി വിദ്യാര്‍ഥി പ്രതിനിധികളെ സ്വീകരിച്ചു.

എസ്എസ്എഫ് ദേശീയ സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയിലെ രാംലീല മൈതാനിയിലെ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തുന്നു

പ്രതിനിധികൾക്ക് വിവിധ ഭാഷകളിലുള്ള ഹൈൽപ്പ് ലൈൻ സംവിധാനവും ഡസ്‌ക്കും സംവിധാനിച്ചിട്ടുണ്ട്. ന്യൂഡൽഹി, ആനന്ദ് വിഹാർ, നിസാമുദ്ദീൻ, ഡൽഹി, എന്നീ റെയിൽവേ സ്റ്റേഷനുകളിലും ഇന്ദിരാ ഗാന്ധി അന്തർ ദേശീയ വിമാനത്താവളം, വിവിധ മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിലുമാണ് ഹൈൽപ്പ് ഡസ്‌കുകള്‍
പ്രവർത്തിക്കുന്നത്.

ഇന്ത്യൻ മുസ്‌ലിം വിദ്യാർഥിത്വത്തിന്റെ ഭാവിയെക്കുറിച്ച് പ്രതിനിധി സമ്മേളനം ചർച്ച ചെയ്യും. സാമൂഹിക സേവനം, സംഘാടനം, കരിയർ ഗൈഡൻസ്, സൂഫീ തത്വചിന്ത, വ്യക്തിത്വവികസനം തുടങ്ങി വിഷയങ്ങളെ അധികരിച്ചുള്ള സെഷനുകളും നടക്കും.

സമാപന സെഷനിൽ അഖിലേന്ത്യാ സുന്നീ ജംഈയത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അഭിസംബോധ ചെയ്യും.
നാളെ രാവിലെ ഒമ്പതിന് രാജ്ഘട്ടിൽ നിന്ന് രാംലീല മൈതാനിയിലേക്ക് യിലേക്ക് വിദ്യാർഥി റാലി നടക്കും. ദേശീയ തലത്തിൽ എസ് എസ് എഫ് വേരുറപ്പിച്ചതിന്റെ സാക്ഷ്യം കൂടിയായിരിക്കും വിദ്യാർഥി റാലി.
തുടർന്ന് രാംലീല മൈതാനിയിൽ 12 മുതൽ സമാപന സമ്മേളനം നടക്കും. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാമൂഹിക- സാസംസ്‌കാരക രംഗത്തെ പ്രമുഖർ സംബന്ധിക്കും.