മാടമ്പിത്തരം മനസ്സില്‍ വെച്ചാല്‍ മതി: എന്‍എസ്എസിനോട് കോടിയേരി

Posted on: February 23, 2019 12:40 pm | Last updated: February 23, 2019 at 2:39 pm

തിരുവനന്തപുരം: എന്‍എസ്എസിനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാടമ്പിത്തരം എന്‍എസ്എസ് മനസില്‍ വച്ചാല്‍ മതിയെന്നും മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സിപിഎമ്മിനില്ലെന്നും കോടിയേരി പറഞ്ഞു.

ജി സുകുമാരന്‍ നായര്‍ക്ക് സവര്‍ണ മനോഭാവമാണ്. എന്നാല്‍ അണികള്‍ ഇതിനൊപ്പമല്ല. തമ്പ്രാക്കളുടെ നിലപാടാണ് എന്‍എസ്എസിന്. ജാതിയും മതവും പറഞ്ഞ് വോട്ട് പിടിക്കേണ്ട ഗതികേട് സിപിഎമ്മിനില്ല. എസ്എസ്എസ് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് തെറ്റാണ്. മുമ്പ് രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചപ്പോള്‍ എതിര്‍ത്തുതോല്‍പ്പിച്ചിട്ടുണ്ട്. ശബരിമലയിലെ എന്‍എസ്എസ് നിലപാട് തിരഞ്ഞെടുപ്പില്‍ പ്രതികൂലമാവില്ലെന്നും എന്‍എസ്എസിലെ സാധാരണക്കാര്‍ സിപിഎമ്മിന് ഒപ്പമാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയത്തില്‍ ആരുമായും ചര്‍ച്ചക്കില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍എസ്എസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കോടിയേരി രംഗത്തെത്തിയത്.