Kerala
ആറ് മണ്ഡലങ്ങള്‍ കേന്ദ്രീകരിക്കാന്‍ ആര്‍ എസ് എസ്; തിരുവനന്തപുരത്ത് കുമ്മനമില്ലെങ്കില്‍ സുരേഷ് ഗോപി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ് മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കാന്‍ ബി ജെ പിക്ക് ആര്‍ എസ് എസ് നിര്‍ദേശം. ശബരിമലയുടെ കൂടി പശ്ചാത്തലത്തില്‍ ആറിടങ്ങളില്‍ നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഈ സീറ്റുകളില്‍ സ്ഥാനാര്‍ഥികളായി പരിഗണിക്കേണ്ടവരുടെ പട്ടികയും നല്‍കി. ഈ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് ഇന്നലെ പാലക്കാട് ചേര്‍ന്ന യോഗം തിരഞ്ഞെടുപ്പ് അവലോകനം നടത്തിയത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍കോട് സീറ്റുകളാണ് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആര്‍ എസ് എസ് നിര്‍ദേശിക്കുന്ന മണ്ഡലങ്ങള്‍. ഇതില്‍ ആറ്റിങ്ങലോ കൊല്ലമോ ബി ഡി ജെ എസിന് നല്‍കണം. എന്‍ എസ് എസിനെയും എസ് എന്‍ ഡി പിയെയും ഒരേസമയം കൂടെ നിര്‍ത്തുകയെന്ന തന്ത്രമാണ് ആര്‍ എസ് എസ് മുന്നോട്ടുവെച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ദേശീയ നേതൃത്വത്തിന്റെ നിലപാടാണ് അന്തിമമെങ്കിലും ആര്‍ എസ് എസ് നിര്‍ദേശത്തിന് പ്രാധാന്യമുണ്ട്.
ബി ജെ പിയുടെ പ്രവര്‍ത്തനത്തിന് പുറമെ ആര്‍ എസ് എസ് സ്വന്തം നിലയില്‍ ഈ മണ്ഡലങ്ങളില്‍ പ്രചാരണം നടത്തും. ഇതിനായി മറ്റു മണ്ഡലങ്ങളില്‍ നിന്നുള്ളവരെ ഇവിടങ്ങളിലേക്ക് കേന്ദ്രീകരിക്കും. തിരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളുടെ ചുമതല ഓരോരുത്തര്‍ക്കായി ഇതിനകം നല്‍കിക്കഴിഞ്ഞു.
മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ പേരാണ് തിരുവനന്തപുരത്തേക്ക് നിര്‍ദേശിച്ചിരിക്കുന്നത്. ആര്‍ എസ് എസിന്റെ മനസ്സറിഞ്ഞ് ബി ജെ പി ജില്ലാ കമ്മിറ്റിയും ഈ പേര് നേതൃത്വത്തിന് മുന്നില്‍ വെച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ കുമ്മനം മനസ്സ് തുറന്നിട്ടില്ലെങ്കിലും ആര്‍ എസ് എസ് പറയുന്നത് അതേപടി അദ്ദേഹം അനുസരിക്കുമെന്നുറപ്പാണ്. കുമ്മനം ഇല്ലെങ്കില്‍ സുരേഷ് ഗോപിയുടെ പേരാണ് ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത്. ചിലപ്പോള്‍ മത്സരിക്കേണ്ടി വരുമെന്ന സന്ദേശം ദേശീയ നേതൃത്വം സുരേഷ് ഗോപിക്ക് നല്‍കിയിട്ടുണ്ട്.
പ
ന്തളം രാജകുടുംബാംഗമായ ശശികുമാര വര്‍മയുടെ പേരാണ് പത്തനംതിട്ടയിലേക്ക് ആര്‍ എസ് എസ് നിര്‍ദേശിച്ചത്. എന്‍ എസ് എസിന്റെ കൂടി താത്പര്യം കണക്കിലെടുത്താണിത്. ശബരിമല വിവാദം വോട്ടാക്കാന്‍ ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥിയെന്ന നിലയിലാണ് ഇദ്ദേഹത്തെ പരിഗണിക്കുന്നത്. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരത്തെ കേരളത്തിലെത്തിയപ്പോള്‍ ശശികുമാര വര്‍മ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കണമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ ആഗ്രഹം. മറ്റു പേരുകള്‍ വരുമ്പോള്‍ അദ്ദേഹം സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പത്തനംതിട്ട സീറ്റില്‍ കണ്ണുവെച്ചിട്ടുണ്ട്.
ആറ്റിങ്ങലോ കൊല്ലത്തോ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്നാണ് ആര്‍ എസ് എസ് താത്പര്യം. വെള്ളാപ്പള്ളി നടേശന്‍ സി പി എമ്മുമായി അടുത്തിരിക്കുന്ന സാഹചര്യത്തില്‍ എസ് എന്‍ ഡി പിയുടെ വോട്ട് പെട്ടിയില്‍ വീഴാന്‍ തുഷാറിന്റെ സ്ഥാനാര്‍ഥിത്വം അനിവാര്യമാണ്. തുഷാര്‍ മാറിനില്‍ക്കുന്നത് ദോഷം ചെയ്യുമെന്നും ആര്‍ എസ് എസ് വിലയിരുത്തുന്നു.
തൃശൂരിലേക്ക് കെ സുരേന്ദ്രന്റെയും പാലക്കാട് ശോഭാ സുരേന്ദ്രന്റെയും പേരാണ് നിര്‍ദേശിച്ചത്. ഈ രണ്ട് സീറ്റുകളിലേക്കും കൂടുതല്‍ പേര്‍ രംഗത്തുണ്ട്. കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തിനെയാണ് നിര്‍ദേശിക്കുന്നത്. അല്ലെങ്കില്‍ പി കെ കൃഷ്ണദാസിനെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.