അധ്യാപക നിയമനാംഗീകാരം: കാന്തപുരം മുഖ്യമന്ത്രിയെ കണ്ടു 

Posted on: February 22, 2019 3:28 pm | Last updated: February 22, 2019 at 5:29 pm

കോഴിക്കോട്:  സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപക നിയമനാംഗീകാരവുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. വിവിധ മാനേജ്മെൻറുകൾക്ക് കീഴിലുള്ള സ്കൂളുകളിൽ 2016 ന് ശേഷം നിയമനാംഗീകാരത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വം കാന്തപുരം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. നിയമനാംഗീകാരം ലഭിക്കാത്തതിനാൽ ശമ്പളമില്ലാതെ മൂവായിരത്തോളം അധ്യാപകർ ജോലി ചെയ്യുന്നത് സംസ്ഥാന സർക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ലഭിച്ച നേട്ടങ്ങൾ ഇല്ലാതാക്കുമെന്ന് കാന്തപുരം ചൂണ്ടിക്കാട്ടി. 2016 ന് ശേഷമുള്ള മുഴുവൻ അധ്യാപക നിയമനങ്ങൾക്കും അംഗീകാരം നൽകി സ്കൂളുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കാൻ അടിയന്തരമായി ഉത്തരവിറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എയ്ഡഡ് സ്കൂൾ നിയമനാംഗീകാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി കാന്തപുരത്തെ അറിയിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂർ അബ്ദുർ റഹ്മാൻ ഫൈസി, എൻ അലി അബ്ദുല്ല, എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് കക്കാട്, ഉപാധ്യക്ഷൻ ഡോ.എ പി അബ്ദുൽ ഹക്കീം അസ്ഹരി എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.