എസ് എസ് എഫ് ദേശീയ സമ്മേളനത്തിന് നാളെ ഡല്‍ഹിയില്‍ തുടക്കം

Posted on: February 22, 2019 3:16 pm | Last updated: February 22, 2019 at 4:15 pm

ന്യൂഡൽഹി: ഇന്ത്യൻ മുസ്‌ലിം വിദ്യാർഥിത്വത്തിന് പുതിയ ദിശനൽകുന്ന എസ് എസ് എഫ് ദ്വിദിന ദേശീയ സമ്മേളനത്തിന് നാളെ രാവിലെ ന്യൂഡൽഹിയിലെ രാംലീല മൈതാനിയിൽ പതാക ഉയരുന്നതോടെ തുടക്കമാകും. സാക്ഷര സൗഹൃദ ഇന്ത്യയുടെ സാക്ഷാത്കാരം എന്ന പ്രമേയത്തിലാണ് സമ്മേളനം.
രാജ്യത്തെ 23 സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തിലധികം പേർ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം നാളെ മുൻ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അൻസാരി ഉദ്ഘാടനം ചെയ്യും. രാജ്യത്തെ മുസ്‌ലിം വിദ്യാർഥിത്വം നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ പ്രതിനിധി സമ്മേളനം ചർച്ച ചെയ്യും. സാമൂഹിക സേവനം, സംഘാടനം, കരിയർ ഗൈഡൻസ്, സൂഫീതത്വചിന്ത, വ്യക്തിത്വവികസനം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചുള്ള സെഷനുകളും പ്രതിനിധി സമ്മേളനത്തിൽ നടക്കും.

സമാപന സെഷൻ അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് അമീൻ മിയാൻ ബറകാത്തി, സയ്യിദ് മുഈനുദ്ദീൻ ജീലാനി അശ്‌റഫി, അശ്‌റഫ് കച്ചുവാച്ച, സയ്യിദ് ഇബ്‌റാഹീമുൽ ഖലിലുൽ ബുഖാരി, മുഫ്തി മുഖറം അഹ്മദ്, ഹസ്‌റത്ത് മന്നാൻ റാസ ഖാൻ റസ്‌വി ബറേൽവി, ഡോ. അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് ബാബാർ അശ്‌റഫ് മിയാൻ അജ്മീർ ശരീഫ്, ശൗക്കത്ത് ബൂഖാരി അൽ നഈമി, പ്രൊഫ, അലീം ഖാൻ പങ്കടുക്കും.
രണ്ടാം ദിവസം രാവിലെ ഒമ്പതിന് രാജ്ഘട്ടിൽ നിന്നും രാം ലീലയിലേക്ക് വിദ്യാർഥി റാലി നടക്കും. ഇന്ത്യൻ വിദ്യാർഥിത്വത്തിനിടയിൽ വേരൂന്നിയതിന്റെ സാക്ഷ്യപ്പെടുത്തലായിരിക്കും രാജ്യ തലസ്ഥാനത്തെ മുസ്‌ലിം വിദ്യാർഥിത്വത്തിന്റെ ശക്തി പ്രകടനം. തുടർന്ന് രാംലീലയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മത- സാമൂഹിക- സാസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.