Connect with us

Ongoing News

സയ്യിദ് മുഷ്താഖ് അലി ട്രോഫി: സച്ചിന്‍ ബേബിയുടെ മികവില്‍ മണിപ്പൂരിനെ നിലംപരിശാക്കി കേരളം

Published

|

Last Updated

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മണിപ്പൂരിനെ 83 റണ്‍സിന് തകര്‍ത്തുവിട്ട് കേരളം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം 20 ഓവറും ബാറ്റു ചെയത് 186 റണ്‍സെടുത്തു. 187 ലേക്ക് ബാറ്റേന്തിയ മണിപ്പൂരിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 103 ലെത്താനേ കഴിഞ്ഞുള്ളൂ. ജയത്തോടെ കേരളം വിലപ്പെട്ട നാലു പോയിന്റുകള്‍ സ്വന്തമാക്കി.

അഞ്ചു വിക്കറ്റ് മാത്രം ബലികഴിച്ചാണ് കേരളം മെച്ചപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 46 പന്തില്‍ 75 ലേക്കു പറന്ന സച്ചിന്‍ ബേബി ടീമിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. വിഷ്ണു വിനോദ് (20ല്‍ 34), മുഹമ്മദ് അസ്ഹറുദ്ദീന്‍ (26ല്‍ 47) എന്നിവരും തകര്‍ത്തടിച്ചു.
തുടക്കത്തില്‍ രണ്ടു വിക്കറ്റിനു 16 എന്ന നിലയില്‍ കിതക്കുകയായിരുന്ന കേരളത്തിന് സച്ചിന്‍ ബേബി-ചാരില്‍ എസ് ഫെരാരി (22) അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടാണ് കിടിലന്‍ സ്‌കോര്‍ സമ്മാനിച്ചത്.

ഒരു റണ്‍സെടുത്ത കാര്‍ത്തിക്കിന്റെയും സ്‌കോര്‍ ബോര്‍ഡ് തുറക്കാത്ത രോഹന്‍ പ്രേമന്റെയും വിക്കറ്റാണ് കേരളത്തിന് പെട്ടെന്ന് നഷ്ടമായത്. മൂന്നാം വിക്കറ്റില്‍ വിഷ്ണു വിനോദും (34), ഡാരിലും ചേര്‍ന്ന് സന്ദര്‍ശകരെ 40 റണ്‍സിലെത്തിച്ചു. വിഷ്ണു പുറത്തായ ശേഷമാണ് സച്ചിന്റെയും ഡാരിലിന്റെയും തകര്‍പ്പനടികള്‍ക്ക് സ്റ്റേഡിയം സാക്ഷിയായത്.

28ല്‍ 40 നേടിയ യശ്പാല്‍ സിംഗിന്റെയും 30ല്‍ 32 എടുത്ത മായങ്ക് രാഘവിന്റെയും പ്രകടനം ഒഴിച്ചുനിര്‍ത്തിയാല്‍ മണിപ്പൂരിന്റെ മറ്റു ബാറ്റ്‌സ്മാന്മാര്‍ക്കു വേണ്ടത്ര ശോഭിക്കാന്‍ കഴിഞ്ഞില്ല. കേരളത്തിനു വേണ്ടി ബൗള്‍ ചെയ്ത ആറുപേരും ഓരോ വിക്കറ്റു വീതം വീഴ്ത്തി.

Latest