‘പാതാളത്തോളം ക്ഷമിച്ചു, ഇനി കളിച്ചാല്‍ ചിതയില്‍ വെക്കാനില്ലാതെ ചിതറിപ്പോകും’; സി പി എം നേതാവിന്റെ ഭീഷണി പ്രസംഗം പുറത്ത്

Posted on: February 21, 2019 5:44 pm | Last updated: February 21, 2019 at 5:45 pm

കാസര്‍കോട്: പെരിയയിലെ ഇരട്ടക്കൊലപാതകത്തിനു ഒരു മാസം മുമ്പ് സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി പി പി മുസ്തഫ നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വീഡിയോ പുറത്തായി. സി പി എമ്മിന്റെ മുന്നേറ്റത്തിനു തടസ്സമായി മുന്നില്‍ നിന്നാല്‍ ചിതയില്‍ വെക്കാന്‍ പോലും കിട്ടാത്ത വിധം കോണ്‍ഗ്രസ് നേതാക്കളെ ചിതറിപ്പിച്ചു കളയുമെന്നാണ് മുസ്തഫ പ്രസംഗിച്ചത്‌.

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും പാര്‍ട്ടിയുടെ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായ പീതാംബരന്‍ ആക്രമിക്കപ്പെട്ട് രണ്ടു ദിവസത്തിനു ശേഷം ജനുവരി ഏഴിനാണ് മുസ്തഫ പ്രകോപനപരമായ പ്രസംഗം നടത്തിയത്. ഇതിന്റെ വീഡിയോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

‘പാതാളത്തോളം ക്ഷമിച്ചു കഴിഞ്ഞു. സഖാവ് പീതാംബരനെയും സുരേന്ദ്രനെയും പ്രകോപനമൊന്നും കൂടാതെ മര്‍ദിച്ചതു വരെയുള്ള സംഭവങ്ങള്‍ ഞങ്ങള്‍ ക്ഷമിക്കുകയാണ്. എന്നാല്‍, ഇനിയും ചവിട്ടാന്‍ വന്നാല്‍ പാതാളത്തില്‍ റോക്കറ്റു പോലെ സി പി എം കുതിച്ചു കയറും. ഒരൊറ്റയൊരെണ്ണം പെറുക്കിയെടുത്ത് ചിതയില്‍ വെക്കാനില്ലാത്ത വിധം ചിതറിപ്പോകും. തിരിച്ച് പാതാളത്തില്‍ നിന്ന് വരുന്ന അവസ്ഥയുണ്ടാക്കരുത്. കോണ്‍ഗ്രസ് സമാധാന യോഗം വിളിച്ച് ഇതു പറഞ്ഞുകൊടുക്കണം’- ഇങ്ങനെ പോകുന്നു പ്രസംഗത്തിന്റെ ഭാഗങ്ങള്‍.

കല്യാട് സ്വദേശികളായ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബുരാജ്, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ ഗോവിന്ദന്‍ നായര്‍ എന്നിവരുടെ പേരെടുത്തു പറഞ്ഞായിരുന്നു ഭീഷണി.