സര്‍ക്കാര്‍ പരിപാടിക്കിടെ ചെഗ്വേര ചിത്രമുള്ള കൊടിയുയര്‍ത്തി; പ്രവര്‍ത്തകരെ ശാസിച്ച് മുഖ്യമന്ത്രി

Posted on: February 20, 2019 7:03 pm | Last updated: February 20, 2019 at 7:03 pm

മലപ്പുറം: സര്‍ക്കാര്‍ പരിപാടിക്കിടെ ചെഗ്വേര ചിത്രമുള്ള കൊടിയുയര്‍ത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസന. ഇത് ഏതെങ്കിലും പാര്‍ട്ടിയുടെയോ മുന്നണിയുടെയോ മാത്രം സര്‍ക്കാറല്ലെന്നും സര്‍ക്കാര്‍ പരിപാടി പാര്‍ട്ടി പതാകയും ചിത്രവുമൊന്നും ഉയര്‍ത്തുന്നതിനുള്ള വേദിയല്ലെന്നും പിണറായി പറഞ്ഞു. പരപ്പനങ്ങാടി ഹാര്‍ബറിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചു പ്രസംഗിക്കുമ്പോഴാണ് കൊടിയുയര്‍ത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രി പ്രതികരിച്ചത്.

പിന്നില്‍ ഒരു പതാക ഉയരുന്നതു കണ്ടു. നാട്ടില്‍ നിരവധി പേര്‍ ആദരിക്കുന്നയാളുടെ ചിത്രമാണ് അതിലുള്ളത്. വേറൊരു വേദിയില്‍ അതുപയോഗിക്കാം. എന്നാല്‍ ഇങ്ങനെയൊരു പരിപാടിയില്‍ പറ്റില്ല. എല്‍ ഡി എഫ് അധികാരത്തില്‍ വന്നാല്‍ അത് എല്‍ ഡി എഫിന്റെ മാത്രം സര്‍ക്കാറല്ല, ജനങ്ങളുടെ മൊത്തം സര്‍ക്കാറാണ്-പിണറായി വിശദമാക്കി.