ഇരട്ടക്കൊല: സി പി എമ്മിന് പങ്കില്ലെന്ന് ആവര്‍ത്തിച്ച് കോടിയേരി; പീതാംബരന്റെ ഭാര്യയുടെ ആരോപണം മനോവിഷമത്താല്‍

Posted on: February 20, 2019 5:22 pm | Last updated: February 20, 2019 at 7:23 pm

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് ആവര്‍ത്തിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭര്‍ത്താവ് കേസില്‍ കുടുങ്ങിയതിന്റെ മനോവിഷമം കാരണമായിരിക്കാം പ്രതി പീതാംബരന്റെ ഭാര്യയുടെ പാര്‍ട്ടിക്കെതിരായ പ്രതികരണമെന്നും കോടിയേരി പറഞ്ഞു. പീതാംബരന് സംഭവത്തില്‍ പങ്കില്ലെന്നും മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തതാണെന്നും ഭാര്യ മഞ്ജു പറഞ്ഞിരുന്നു.

പാര്‍ട്ടി പറഞ്ഞിട്ടാണ് കൊലപാതകം നടത്തിയതെന്ന് പീതാംബരന്‍ ഭാര്യയോടു പറഞ്ഞിട്ടുണ്ടായിരിക്കാം. എന്നാല്‍, പാര്‍ട്ടി അങ്ങനെയൊരു കാര്യം തീരുമാനിച്ചിട്ടുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. പാര്‍ട്ടി തീരുമാനമാണ് എന്നു പറഞ്ഞാണ് ഇവര്‍ ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നത്. താനാണ് പാര്‍ട്ടി എന്നാണ് കൃത്യം നടത്തുന്നവന്‍ വിചാരിക്കുന്നത്. പാര്‍ട്ടി എന്ന നിലയില്‍ അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്ന് പ്രദേശത്തെ ലോക്കല്‍ കമ്മിറ്റിയും ഏരിയാ, ജില്ലാ കമ്മിറ്റികളും വ്യക്തമാക്കിയിട്ടുണ്ട്. പീതാംബരന്‍ കേസില്‍ പെട്ടപ്പോളുണ്ടായ വിഷമത്തില്‍ നിന്നുണ്ടാകുന്ന അഭിപ്രായ പ്രകടനം മാത്രമാണ് ഭാര്യയുടെതെന്നും കോടിയേരി പറഞ്ഞു.