തെളിവാണോ വേണ്ടത്; വീരമൃത്യു വരിച്ച ജവാന്മാരുടെ മൃതദേഹങ്ങള്‍ അയക്കാം- ഇമ്രാന് മറുപടിയുമായി അമരീന്ദര്‍ സിംഗ്

Posted on: February 19, 2019 10:02 pm | Last updated: February 19, 2019 at 11:34 pm

പട്യാല: പാക്കിസ്ഥാനു തെളിവാണ് വേണ്ടതെങ്കില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ മൃതദേഹങ്ങള്‍ അയക്കണോയെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ തെളിവുകളുണ്ടെങ്കില്‍ നടപടിയെടുക്കാമെന്ന പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഇന്ത്യ നല്‍കിയിട്ടും പാക്കിസ്ഥാന്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്നും അമരീന്ദര്‍ സിംഗ് ചോദിച്ചു.
ജയ്ഷ്വ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ പാക്കിസ്ഥാനിലിരുന്നാണ് ഇതെല്ലാം ചെയ്യിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ഐ എസ് ഐയുടെ സഹായത്തോടെയാണ് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. അയാളെ പിടികൂടാന്‍ പാക്കിസ്ഥാനു കഴിവില്ലെങ്കില്‍ ഇന്ത്യ അതു ചെയ്യും.

നമ്മുടെ ഒരാളെ അവര്‍ കൊലപ്പെടുത്തിയാല്‍ പകരം അവരുടെ രണ്ടുപേരെ കൊല്ലണമെന്നും അവര്‍ക്കു മനസ്സിലാവുന്ന ഒരേയൊരു ഭാഷ ഇതുമാത്രമാണെന്നും അമരീന്ദര്‍ പറഞ്ഞു.