ശുക്കൂര്‍ വധക്കേസില്‍ സിബിഐക്ക് തിരിച്ചടി; അനുബന്ധ കുറ്റപത്രം കോടതി മടക്കി

Posted on: February 19, 2019 1:08 pm | Last updated: February 19, 2019 at 3:32 pm

തലശ്ശേരി: അരിയില്‍ ശുക്കൂര്‍ വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ടിവി രാജേഷ് എംഎല്‍എക്കുമെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതി മടക്കി. വിചാരണ കോടതി മാറ്റണമെന്ന സിബിഐയുടെ ആവശ്യവും കോടതി തള്ളി. സിബിഐക്ക് കുറ്റപത്രവുമായി ഹൈക്കോടതിയെ സമീപിക്കാം. കുറ്റപത്രം ഏത് കോടതി പരിഗണിക്കണമെന്ന് ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും സെഷന്‍സ് കോടതി വ്യക്തമാക്കി.

കേസില്‍ പി ജയരാജനും ടിവി രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹരജിയും കോടതി പരിഗണിച്ചില്ല. കുറ്റപത്രം പരിഗണിക്കേണ്ടത് ഏത് കോടതിയെന്ന് തീരുമാനമായശേഷം വിടുതല്‍ ഹരജി പരിഗണിക്കാമെന്നും കോടതി പറഞ്ഞു. കഴിഞ്ഞ വര്‍ഷം കൊച്ചി സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സിബിഐ തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.