ഹര്‍ത്താലില്‍ കടകള്‍ക്ക് നേരെ വ്യാപക ആക്രമണം; കോഴിക്കോട് വ്യാപാരി നേതാവിനെ കടക്കുള്ളിലിട്ട് പൂട്ടി

Posted on: February 18, 2019 10:32 am | Last updated: February 18, 2019 at 12:27 pm

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസിന്റെ ഹര്‍ത്താലില്‍ കടകള്‍ക്ക് നേരെ വ്യാപക അക്രമണം. മിന്നല്‍ ഹര്‍ത്താലില്‍ കടകള്‍ അടച്ചിടില്ലെന്ന് വ്യാപാരി സംഘടനകള്‍ അറിയിച്ചിരുന്നു. സൗത്ത് കളമശേരിയില്‍ മുട്ട വിതരണക്കാരനെ ഹര്‍ത്താല്‍ അനുകൂലികള്‍ കൈയേറ്റം ചെയ്തു. വില്‍പ്പനക്ക് കൊണ്ടുവന്ന മുട്ടകള്‍ ഇവര്‍ നശിപ്പിച്ചു. നോര്‍ത്ത് കളമശേരിയില്‍നിന്നും സൗത്ത് കളമശേരിയിലെ തുറന്നിരുന്ന കടകളില്‍ വിതരണത്തിന് കൊണ്ടുപോവുകയായിരുന്നു . മണ്ണോപ്പിള്ളി വീട്ടില്‍ അസീസിന്റെ വാഹനമാണ് ആക്രമിക്കപ്പെട്ടത്.

കൊയിലാണ്ടിയില്‍ കട തുറന്ന വ്യാപാരി വ്യവസായി ഏകോപന സമതി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി കെപി ശ്രീധരനെ ഹര്‍ത്താല്‍ അനുകൂലികള്‍ കടക്ക് അകത്തിട്ട് പൂട്ടി. പോലീസെത്തിയാണ് ശ്രീധരനെ രക്ഷിച്ചത്. ഇടുക്കി രാജക്കാട് വ്യാപാരികളും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. കടകള്‍ തുറക്കാനെത്തിയവരെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്.