Connect with us

Ongoing News

ആരാന്റെത് ഇസ്‌കി ഉണ്ണുന്നുവെങ്കില്‍...

Published

|

Last Updated

ആലോചിച്ചുത്തരം പറയേണ്ടതിലേക്കായി ഒരു ചോദ്യം എയ്തുവിടാം, ആദ്യം. ഏറ്റവും കൂടുതല്‍ ചീത്തവിളികള്‍ കേള്‍ക്കുന്ന/ ചീത്തവാക്കുകള്‍ വിളിക്കുന്ന തൊഴിലാളികള്‍ ഏത് വിഭാഗത്തില്‍ പെട്ടവരാണ്? വേണമെങ്കില്‍ മൂന്ന് ഓപ്ഷനുകള്‍ തരാം. കര്‍ഷകര്‍, വാര്‍ക്കക്കാര്‍, ഡ്രൈവര്‍മാര്‍. ഇതില്‍ മൂന്നാമത്തേതായിരിക്കും ശരാശരി മണ്ടയുള്ളവരെല്ലാം തിരഞ്ഞെടുക്കുന്ന ശരിയുത്തരം. എന്നാല്‍ അടുത്ത ചോദ്യം. ഏത് ഡ്രൈവര്‍? ഓപ്ഷന്‍ വീണ്ടും മൂന്ന് തന്നെ. കാറ്, ലോറി, ബസ്. ജീവിതത്തിലൊരിക്കലെങ്കിലും ബസ് ജീവനക്കാര്‍ തമ്മില്‍ ചീത്ത വിളിക്കുന്നത് കേള്‍ക്കാത്തവരായി ആരുണ്ടാകാനാണ്?

ഈ പ്രാരംഭവരികള്‍ വായിച്ച മുറക്ക് നിങ്ങളില്‍ പലരും “ചീത്തവിളിക്കെതിരെ” ആയിരിക്കും ഈ ലക്കം “വഴിവിളക്ക്” എന്നല്ലേ കരുതിയത്? പ്ലിംഗ്!! പറയാന്‍ പോകുന്ന വിഷയമേ അതല്ല. ഞാന്‍ കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയാണ്. പയ്യോളി കഴിഞ്ഞപ്പോഴേ എന്റെ “അനാമിക” ബസിന് മൂത്രക്കടച്ചില്‍ ഇളകിയ പോലുള്ള ഒരുമാതിരി പിടച്ചുകളി ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. അതിനിടെ “റോയല്‍ ഡ്രാഗണ്‍” എന്ന പാവാടയുടുത്ത മുഴുനീള അഹങ്കാരി ബസ് അനാമികയെ വെട്ടിച്ച് മുന്നില്‍ ചാടി. ഒന്ന് രണ്ട് തവണ കൂടി ഇതാവര്‍ത്തിക്കുന്നത് ശ്രദ്ധാപൂര്‍വം ഞാന്‍ നിരീക്ഷിക്കുന്നുണ്ട്. അപ്പോഴെല്ലാം, നട്ടും ബോള്‍ട്ടുമിളകി കിരികിരികിരിയെന്ന് ലൂസുഗാനം പാടി എന്റെ വയസ്സത്തി അനാമിക ആഞ്ഞുപിടിച്ച് ഡ്രാഗണെ പിന്നിലാക്കുന്നുണ്ട്. ഒന്നുരണ്ട് തവണ മുട്ടി, എല്ലാം തീര്‍ന്നു എന്ന് തന്നെ കരുതിയതാണ്. പക്ഷെ, ഒരു കവുങ്ങുതടിയിഴക്ക് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

വടകര ബസ്സ്റ്റാന്‍ഡിലേക്ക് രണ്ട് ബസും ഒപ്പത്തിനൊപ്പം ഇരച്ചെത്തി കിതച്ചു നിന്നു. രണ്ട് ഡ്രൈവര്‍മാരും ചാടിയിറങ്ങി. പിന്നത്തെ കഥ, സുബ്ഹാനല്ലാഹ്, പറയാത്തതാ നല്ലത്. ഭരണിപ്പാട്ട് തോറ്റുപോവുന്ന പൂരത്തെറി. അപ്പോഴേക്ക്, കണ്ടക്ടര്‍മാരും ക്ലീനര്‍മാരും ചേരുംപടി ചേര്‍ക്കുംപോലെ ചാടിയിറങ്ങി. യഥാക്രമം തെറിയങ്കത്തില്‍ കൊമ്പുകോര്‍ത്തു. മൂന്ന് മിനുട്ട് മുമ്പേ പാസ്സായി പോകേണ്ട ഡ്രാഗണ്‍ കൊയിലാണ്ടി വിട്ടപാടേ ഉരുട്ടിക്കളിക്കുകയും മെയിന്‍ സ്റ്റോപ്പുകളില്‍ നിന്നെല്ലാം യാത്രക്കാരെ നക്കിയെടുക്കുകയും ചെയ്തു എന്നതാണ് ശണ്ഠാതന്തു.
ശ്രദ്ധയോടെ വായിച്ചവര്‍ക്ക് എന്താണ് പറയാന്‍ പോകുന്നത് എന്നതിന്റെ സൂചന കിട്ടിക്കാണണം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന തെറിപ്പോരിന്റെ കാരണം സൂക്ഷ്മാംശത്തില്‍ പരിശോധിച്ചാല്‍ ഒരു ബസുകാരന്‍ തനിക്കനുവദിക്കപ്പെട്ട സമയത്തിനകം തന്നെ ഓടിയൊഴിഞ്ഞു കൊടുക്കാതെ, തന്റെ ശേഷക്കാരന് വേണ്ടി വഴിയോരങ്ങളില്‍ ഊറിക്കൂടുന്ന യാത്രക്കാരെ കൂടി ഊറ്റിയെടുക്കുന്നത് ശരിയാണോ? ആ വകയില്‍ കിട്ടുന്ന അധികലാഭം, കൂലി, ബത്ത എന്നിവയെല്ലാം ഹലാലാകുമോ? അതുകൊണ്ട് വാങ്ങുന്ന ചോക്ലേറ്റും കാടമുട്ടയും വാഴക്കാവറുത്തതും മക്കളെ തീറ്റിച്ചാല്‍/ അച്ഛനമ്മമാര്‍ക്ക് വെറ്റിലടക്ക വാങ്ങിച്ചു കൊടുത്താല്‍/ കെട്ടിയവള്‍ക്ക് ബദാം ലേഹ്യം സേവിച്ചു കൊടുത്താല്‍/ മഹല്ല് വരിസംഖ്യ കൊടുത്താല്‍/ ഇമാമത്ത് പണം അടച്ചാല്‍/ ഉറുദിക്കാരന് സംഭാവന കൊടുത്താല്‍……

വിശ്വാസത്തെ മാറോട് ചേര്‍ക്കുന്നവന് അവിഹിതമായി നേടിയെടുത്ത ആഹാരം വായോടടുപ്പിക്കാനാകില്ല, ആവരുത്. വാഴക്കാടങ്ങാടിയില്‍ നിന്ന് മത്തി വാങ്ങി വീട്ടിലെത്തിയപ്പോള്‍, പറഞ്ഞ എണ്ണത്തിനേക്കാള്‍ ഒരു മത്തി ജാസ്തി. ഉടന്‍ മത്തിക്കെട്ടുമായി തിരിച്ചു മാര്‍ക്കറ്റിലേക്ക് നടക്കുന്ന, ആ വന്ദ്യവയോധികനായ പണ്ഡിത പ്രഭു. അറിയാമോ ആരായിരുന്നു അതെന്ന്? റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്തുസ്താദ്. പഴംപൊരി എല്ലാം ഒരേ സൈസില്‍ കിട്ടാത്തത് കാരണം ഹോട്ടല്‍ ബിസിനസ് നിര്‍ത്തിയ ഒരാളുണ്ട്, പാലോട്ടു മൂസക്കുട്ടി ഹാജി. സാമ്പത്തിക ശുദ്ധിയുടെ കാര്യത്തില്‍ മാതൃകയാക്കാന്‍ പറ്റുന്ന നിരവധി സംഭവങ്ങള്‍ മഹാന്മാരുടെതായി പറഞ്ഞു കേള്‍ക്കാറുണ്ട്.

സാമ്പത്തിക സൂക്ഷ്മതയുടെ കാര്യത്തില്‍ പേരോടുസ്താദിന്റെ പേര് ധാരാളമായി പരാമര്‍ശിച്ചു കേള്‍ക്കുമ്പോള്‍ നമുക്കാവേശം കൂടുന്നില്ലേ? സ്ഥാപനത്തിലേക്ക് വരുന്ന പണം കടുകിട വകമാറ്റി ചെലവാക്കുകയില്ലത്രേ. എത്ര സമാധാനമുണ്ട് അത് കേള്‍ക്കുമ്പോള്‍. എനിക്കു തന്നെയുണ്ടായ ഒരനുഭവം പറയാം. പത്തുപതിനാറ് കൊല്ലം മുമ്പാണ്. ഷാര്‍ജയിലെ ഒരു പള്ളിയില്‍ ഉസ്താദ് സിറാജുല്‍ ഹുദാക്ക് വേണ്ടി പിരിക്കുന്നുണ്ട്. അന്നവിടെ മറ്റൊരു പിരിവു കൂടി നടക്കുന്നുണ്ടായിരുന്നു. ഒടുക്കം ഉസ്താദുണ്ട് പച്ച ഒരഞ്ചു ദിര്‍ഹമിന്റെ നോട്ടുമായി പള്ളിയിലാകെ വട്ടം കറങ്ങുന്നു. ഒരാള്‍ കൊടുത്തതാണ്. സിറാജുല്‍ ഹുദാക്കാണോ അതോ മറ്റേ പിരിവുകാരനാണോ എന്നറിയില്ല. എന്തുചെയ്യും എന്ന് ചോദിച്ചുകൊണ്ട്.

കണ്ടില്ലേ കിട്ടിയത് മാട്ടുക എന്നതല്ല അവരുടെയൊന്നും ശൈലി. ഓരോന്നിനെയും അതിന്റെ മുരടും വേരും തപ്പിപ്പിടിച്ച് ഓരോന്നിനെയും അതാതിന്റെ വകകളിലേക്ക് ചേര്‍ക്കുന്നു. എ സി എസ് ബീരാന്‍ മുസ്‌ലിയാര്‍, എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ തുടങ്ങിയ സാത്വികരുടെ കഥകള്‍ സ്ഥാപനം നടത്തിക്കൊണ്ടിരിക്കുന്ന ഇളം തലമുറ വായിച്ചു പഠിക്കേണ്ടിയിരിക്കുന്നു. ഈയടുത്ത് എനിക്കൊരു നടുക്കം വന്നു പോയി. ഒരു സ്ഥാപനത്തില്‍ എന്നെ ക്ലാസിന് വിളിച്ചു. രചനയുടെ രീതിശാസ്ത്രം എന്നതായിരുന്നു വിഷയം. എനിക്ക് നല്ല പരിചയമുള്ള ഒരു ചെറുപ്പക്കാരനാണ് ഓഫീസ് അഡ്മിനി. ഞാന്‍ ക്ലാസ് കഴിഞ്ഞ് റൂമിലേക്ക് വരുമ്പോഴുണ്ട്് അവന്‍ ഓഫീസ് ഫോണിലങ്ങനെ കുണുകുണെ സംസാരിച്ചു കൊണ്ടിരിക്കുന്നു. ഞാന്‍ വാതില്‍പ്പുറത്ത് തന്നെ കുറച്ച് നേരം മാറി നിന്നു. ഞാന്‍ കട്ടുകേട്ടത് എന്ന് പറയാന്‍ പറ്റില്ല- എങ്കിലും കാതിലേക്ക് തെറിച്ചു വീണ ചില വാക്കുകള്‍ “ലെഗ്ഗിന്‍സ്, ത്രീഫോര്‍ത്ത്, ഇന്നര്‍, പാട്യാല, ഫേഷ്യല്‍…..” തുടങ്ങിയവയായിരുന്നു. ആളിന്റെ ചുണ്ടില്‍ വിടരുന്ന ചിരിയും ചാരുകസേരയിലിരുന്ന ആടിക്കളിയും നീരിറക്കുന്ന മൂളിക്കളിയുമെല്ലാം കണ്ടാല്‍ ഒരാള്‍ക്കൂഹിക്കാം, കെട്ടിയവളോട് പെരുന്നാള്‍ക്ക് ഡ്രസ്സെടുക്കേണ്ട കാര്യം കൊഞ്ചിപ്പറയുകയാണ്. സുബ്ഹാനല്ലാഹ്! നേര്‍ച്ചപ്പൈസ പിരിച്ച് നടത്തുന്ന സ്ഥാപനത്തിലെ ഫോണിലോ? അവിടുന്നുള്ള കവര്‍ക്കൈമടക്ക് ഒഴിവാക്കാന്‍ ഞാന്‍ ഇല്ലാത്തിരക്കഭിനയിച്ച് ഉടന്‍ സ്ഥലം വിട്ടു.

അതേപോലെ, ഒരിക്കലൊരു ചങ്ങാതിയുണ്ട് വിളിക്കുന്നു. ഉള്ളാളത്തേക്ക് ഫാമിലി സഹിതം സിയാറത്തിന് പോകുന്നുണ്ട്, വീടെവിടെയാ വരുന്നത്, തളിപ്പറമ്പില്‍ നിന്നെങ്ങോട്ടാ, ഒട്ടുണ്ടോ ഈമാതിരി ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ട്. ഞാനാണെങ്കില്‍ മറ്റൊരു വഴിക്ക് പോകണോ വേണ്ടയോ എന്ന ശങ്കക്കിടയില്‍ സ്ഥിതി ചെയ്യുകയാണുതാനും. ആട്ടെ, വന്നോട്ടെ എന്ന നിലക്ക് വഴി പറഞ്ഞുകൊടുത്തു. മുറ്റത്ത് വന്ന് നിര്‍ത്തിയ വണ്ടിയുടെ നെറ്റിയില്‍ ഒരു ധര്‍മ സ്ഥാപത്തിന്റെ പേര്. ഓഹോ, സ്ഥാപനത്തിന്റെ വണ്ടിയിലാണോ ആശാന്റെ കറക്കം. എന്റെ മനസ്സില്‍ കറുപ്പ് വീണു. ഒന്നിനും നേരമില്ലാതെ ഒരഞ്ചുപത്തു മിനുട്ടുകൊണ്ട് കക്ഷി തടിയെടുത്തു. വല്ലതും വാങ്ങിക്കെട്ടി എന്റെ വീട് കാണാന്‍ വന്നതൊന്നുമല്ല; മറിച്ച് അശണ്ഠ സ്രവിച്ച മക്കളുടെ അധോഭാഗം കഴുകി വൃത്തിയാക്കി പുതിയ പാമ്പേഴ്‌സ് ധരിപ്പിച്ച് കുട്ടപ്പനാക്കാന്‍ വന്നത്. എനിക്ക് കിട്ടിയത് ചള്ളപ്പി പുരണ്ട് മലിനമനോഹരമായ പാമ്പേഴ്‌സ് കെട്ടുകളും. നിങ്ങള്‍ക്ക് തോന്നും എന്തിനാണിങ്ങനെ പറയുന്നതെന്ന്. അത് വാടകയടച്ച് ഓടുന്നതാണെങ്കിലോ എന്ന്? അല്ല! ഞാനതന്വേഷിച്ചു. വാടകയും കോടകയും ഒന്നും കൊടുക്കില്ല, എണ്ണയടിച്ച് ചുറ്റല്‍ തന്നെ, നഊദുബില്ലാഹ്! കടം വാങ്ങിയത് വീട്ടാന്‍ കാശില്ലപോലും, പക്ഷെ ഫാമിലിയുമൊത്ത് കറക്കമേ കറക്കം. ഇങ്ങനെയുള്ള ഒരാളെപറ്റി ഈയടുത്ത് കേട്ടു ഞാന്‍ നടുങ്ങിപ്പോയി. സാമ്പത്തിക വ്യവഹാരങ്ങളെ പറ്റി കേട്ടാല്‍ മറ്റുള്ളവര്‍ നടുങ്ങിപ്പോവാന്‍ മാത്രം വല്ലതും നമ്മിലുണ്ടോ എന്ന് ഉറങ്ങാന്‍ കിടക്കുന്നേരം കൈപ്പത്തി നെഞ്ചില്‍ പായിച്ച് സ്വന്തം തന്നെ ചോദിക്കേണ്ടതല്ലേ ???
.