പോലീസിനെ വിളിക്കേണ്ടത് ഇനി 112ലേക്ക്

Posted on: February 17, 2019 6:35 pm | Last updated: February 17, 2019 at 6:36 pm

തിരുവനന്തപുരം: പോലീസ്, ഫയര്‍ഫോഴ്‌സ് (ഫയര്‍ & റെസ്‌ക്യൂ), ആംബുലന്‍സ് എന്നിവയുടെ അടിയന്തര സേവനങ്ങള്‍ ലഭിക്കാന്‍ ഇനി 112 ലേക്ക് വിളിച്ചാല്‍ മതി. പോലീസിനെ വിളിക്കുന്ന 100 എന്ന നമ്പര്‍ (Dial-100) ന് പകരം 112 ലേക്കാണ് വിളിക്കേണ്ടത്. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി.

100-ല്‍ വിളിക്കുമ്പോള്‍ ഓരോ ജില്ലകളിലേയും കണ്‍ട്രോള്‍ റൂമിലേക്കാണ് വിളിപോകുന്നത്. ഇനി മുതല്‍ എവിടെ നിന്ന് 112 ലേക്ക് വിളിച്ചാലും പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്കാവും വിളിയെത്തുക. വിവരങ്ങള്‍ ശേഖരിച്ച് ഞൊടിയില്‍ സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പോലീസ് വാഹനത്തിലേക്ക് സന്ദേശം കൈമാറും.

ജിപിഎസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്നും മനസിലാക്കാം. ആ വാഹനത്തില്‍ ഘടിപ്പിച്ച ടാബിലേക്ക് സന്ദേശമെത്തും. ഇതനുസരിച്ച് പോലീസുകാര്‍ക്ക് പ്രവര്‍ത്തിക്കാം. ജില്ലാ കണ്‍ട്രോള്‍ റൂമികളിലേക്കും സമാനമായി സന്ദേശമെത്തും. ഇനി റെയ്ഞ്ചില്ലാത്ത സ്ഥലത്താണെങ്കില്‍ വയര്‍ലസ് വഴി സന്ദേശം നല്‍കും.

ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവര്‍ത്തന രഹിതമായിരിക്കുന്ന സിമ്മുകളുള്ളതോ ആയ മൊബൈല്‍ ഫോണുകളില്‍ നിന്നുവിളിച്ചാലും ലാന്‍ഡ് ഫോണുകളില്‍ നിന്നു വിളിച്ചാലും സേവനം ലഭ്യമാകും. ഈ പദ്ധതി പൂര്‍ണമായി നടപ്പിലാക്കുന്നത് വരെ 100, 101 എന്നീ നമ്പറുകളിലെ സേവനം തുടരുന്നതാണ്.