Connect with us

Editorial

സുരക്ഷയില്‍ നിരന്തരം വീഴ്ച

Published

|

Last Updated

40 സൈനികരുടെ മരണത്തിനിടയാക്കിയ കശ്മീര്‍ പുല്‍വാമ ഭീകരാക്രമണത്തിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. വീര്യമേറിയ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണം ഫെബ്രുവരി എട്ടിന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയ കാര്യം ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് സംഭവം നടന്ന ഉടനെ വെളിപ്പെടുത്തിയതാണ്. അതിനു പിന്നാലെ ജമ്മു കശ്മീര്‍ സൈനിക നേതൃത്വത്തെ വിമര്‍ശിച്ച് കശ്മീര്‍ മുന്‍ ഡി ജി പി. എസ് പി വൈദും രംഗത്തു വന്നിട്ടുണ്ട്. സൈനികരെ കൂട്ടത്തോടെ റോഡ് മാര്‍ഗം ദീര്‍ഘദൂരം കൊണ്ടു പോകരുതെന്നും വ്യോമമാര്‍ഗം അവലംബിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അറിയിച്ചിരുന്നുവത്രേ. 2,500ലേറെ സി ആര്‍ പി എഫ് ജവാന്‍മാരാണ് വ്യാഴാഴ്ച 78 സൈനിക വാഹനങ്ങളില്‍ പുല്‍വാമ വഴി പോയത്. സംസ്ഥാനത്തെ റോഡുകള്‍ പലപ്പോഴും അടച്ചിടാറുള്ളതിനാല്‍ യാത്ര വൈകാനും ഈ പഴുത് ഉപയോഗപ്പെടുത്തി ഭീകരര്‍ അക്രമണം നടത്താനും സാധ്യതയുള്ളതു കൊണ്ടാണ് എസ് പി വൈദ് ഇങ്ങനെയൊരു നിര്‍ദേശം വെച്ചത്. കശ്മീരിലെ പല സുരക്ഷാ അവലോകന യോഗങ്ങളിലും താന്‍ ഇക്കാര്യം ഉണര്‍ത്തിയിരുന്നതായി അദ്ദേഹം പറയുന്നു. ഇതിനെ അവഗണിച്ചാണ് സി ആര്‍ പി എഫ് ജവാന്മാരെ റോഡ് വഴി തന്നെ കൊണ്ടു പോയത്.

2017 നവംബറില്‍ പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ അനന്തരവന്‍ റശീദ് മസൂദിനെ സി ആര്‍ പി എഫ് വധിച്ചപ്പോഴും 2018 ഒക്ടോബര്‍ 31ന് അസ്ഹറിന്റെ രണ്ടാമത്തെ അനന്തരവന്‍ ഉസ്മാന്‍ തല്‍ഹ റശീദിനെ വധിച്ചപ്പോഴും പകരം വീട്ടുമെന്ന് മസൂദ് അസ്ഹര്‍ പ്രഖ്യാപിച്ചതാണ്. ഇത് മസൂദിന്റെ വിടുവായാടിത്തമായിരുന്നില്ല, പകരം വീട്ടാനായി അഫ്ഗാനിസ്ഥാനില്‍ നിന്ന് താലിബാന്‍ ഭീകരരുടെ പരിശീലകനായിരുന്ന അബ്ദുല്‍ റശീദ് ഗാസിയെ ഇന്ത്യയിലേക്ക് നിയോഗിച്ചതായി കഴിഞ്ഞ ഡിസംബറില്‍ കശ്മീരിലെ മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതാണ്. എന്നിട്ടും പുല്‍വാമയില്‍ പ്രത്യേകം സുരക്ഷാ നിരീക്ഷണം ഏര്‍പ്പെടുത്തിയില്ലെന്നും പരാതിയുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ചെക്ക് പോസ്റ്റുകളും ദേശീയ പാതയില്‍ സുരക്ഷാ പരിശോധനയും ഏര്‍പ്പെടുത്തിയിട്ടും ഭീകരരുടെ കിലോക്കണക്കിന് സ്‌ഫോടക വസ്തുക്കള്‍ അടങ്ങുന്ന വാഹനം എങ്ങനെ ഇതുവഴി കടന്നു പോയെന്നതും ഉത്തരം കിട്ടാത്ത ചോദ്യമാണ്.

ലെഫ്റ്റനന്റ് കേണല്‍ അടക്കം ആറ് സൈനികര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത 2016 ജനുവരി രണ്ടിലെ പത്താംകോട്ട് ആക്രമണത്തിലും സംഭവിച്ചിരുന്നു ഇത്തരം സുരക്ഷാ വീഴ്ചകള്‍. അവിടെ ഭീകരാക്രമണം നടക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ്, 2015 ഡിസംബര്‍ 31ന് ക്ഷേത്ര ദര്‍ശനത്തിനു പോയി തിരിച്ചുവരികയായിരുന്ന എസ് പി സല്‍വീന്ദര്‍ സിംഗും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം തട്ടിയെടുത്ത് അതുപയോഗിച്ചാണ് ഭീകരര്‍ സൈനിക കേന്ദ്രത്തില്‍ കടന്നത്. തന്റെ വാഹനവും രണ്ട് ഫോണുകളും ചിലര്‍ തട്ടിയെടുത്തതായി ജനുവരി ഒന്നിന് പുലര്‍ച്ചെ മൂന്നരക്ക് തന്നെ എസ് പി മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. 18നും 21നും ഇടക്ക് പ്രായമുള്ള സൈനിക വേഷം ധരിച്ച നാല് പേരാണ് വാഹനം തട്ടിയെടുത്തതെന്നും അഫ്‌സല്‍ ഗുരുവിന്റെ മരണത്തിനു പകരം ചോദിക്കാനാണ് തങ്ങള്‍ വന്നതെന്നും ഇവര്‍ പറഞ്ഞതായും എസ് ഐയുടെ കൂടെയുണ്ടായിരുന്ന രാജേഷ് വര്‍മ എന്‍ ഐ എ മുമ്പാകെ വെളിപ്പെടുത്തിയതുമാണ്. എന്നിട്ടും പത്താംകോട്ട് ആക്രമണ നീക്കം മുന്‍കൂട്ടി കണ്ടെത്താന്‍ ഐ ബി, റോ തുടങ്ങിയ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് സാധിക്കാതിരുന്നത് എന്തുകൊണ്ടാണ്?

ഭീകരാക്രമണങ്ങളെ തടയുന്നതില്‍ സൈനികര്‍ക്കൊപ്പം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അതിര്‍ത്തിയില്‍ സദാ സംഘര്‍ഷം സൃഷ്ടിച്ച് ഇന്ത്യയുടെ ഉറക്കം കെടുത്തുകയും സൈനിക മേഖലക്ക് നാശനഷ്ടങ്ങള്‍ വരുത്തുകയുമാണ് ഭീകര സംഘടനകളുടെ ലക്ഷ്യം. ഇക്കാര്യത്തില്‍ അവര്‍ വിജയിച്ചു കൊണ്ടിരിക്കുകയാണെന്ന് ഭീകരാക്രമണങ്ങളുടെ വര്‍ധന ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ഗംഗാറാം ആഹിര്‍ ലോക്‌സഭയില്‍ വെളിപ്പെടുത്തിയതനുസരിച്ച് 2014 മുതല്‍ 2018 വരെ കശ്മീരില്‍ 1,708 ഭീകരാക്രമണങ്ങളാണുണ്ടായത്. ഓരോ മാസവും ശരാശരി 28 ഭീകരാക്രമണങ്ങള്‍. പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റവും വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ (2016-2018) മാസത്തില്‍ ശരാശരി 11 ഭീകരര്‍ എന്ന തോതില്‍ നുഴഞ്ഞു കയറിയെന്നാണ് ഔദ്യോഗിക കണക്ക്. 2016ല്‍ നുഴഞ്ഞു കയറ്റക്കാരുടെ എണ്ണം 119 ആയിരുന്നെങ്കില്‍ 2017ല്‍ 136 ആയി.
2018ല്‍ ഇത് 143ല്‍ എത്തി. സൈന്യത്തിന്റെയും ദേശീയ പാതകളിലെ പരിശോധക സംഘത്തിന്റെയും കണ്ണുവെട്ടിച്ചാണ് ഭീകരര്‍ നുഴഞ്ഞു കയറുന്നതും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ ആക്രമണങ്ങള്‍ നടത്തുന്നതും. ബജറ്റില്‍ പ്രതിരോധ മേഖലക്കുള്ള തുക വര്‍ഷാവര്‍ഷം കുത്തനെ വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ഇത്തവണത്തെ ബജറ്റില്‍ അത് മൂന്ന് ലക്ഷം കോടി കടന്നിട്ടുണ്ട്. ഇതില്‍ നല്ലൊരു പങ്കും അതിര്‍ത്തി സംസ്ഥാനങ്ങളിലെ സുരക്ഷക്കു വേണ്ടിയാണ് വിനിയോഗിക്കുന്നത്. എന്നിട്ടും നുഴഞ്ഞു കയറ്റവും ഭീകരാക്രമണവും വര്‍ധിക്കുന്നുവെന്നത് ഗുരുതരമായി തന്നെ കാണേണ്ടതുണ്ട്. സൈന്യത്തില്‍ അയല്‍ രാജ്യങ്ങള്‍ക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നവരുടെ എണ്ണവും കൂടി വരികയാണ്. രഹസ്യാന്വേഷണ ഏജന്‍സികളുടെ വീഴ്ചയിലേക്ക് തന്നെയാണ് ഇതും വിരല്‍ ചൂണ്ടുന്നത്.

Latest