Connect with us

Kerala

അണിയറ നീക്കം കോണ്‍ഗ്രസിന് തലവേദന

Published

|

Last Updated

കണ്ണൂര്‍: സീറ്റിനായുള്ള നേതാക്കളുടെ ശക്തമായ അണിയറ നീക്കങ്ങള്‍ മലബാര്‍ മേഖലയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയം കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കും. ദേശീയ നേതൃത്വം സ്ഥാനാര്‍ഥി നിര്‍ണയത്തിനായി വ്യക്തമായ മാനദണ്ഡം സംസ്ഥാന നേതൃത്വത്തിന് മുമ്പില്‍ വെച്ചിട്ടുണ്ടെങ്കിലും സീറ്റ് ലക്ഷ്യംവെച്ചുള്ള ചരടുവലികള്‍ മുറുകുകയാണ്. ദിനേനയെന്നോളം ഗ്രൂപ്പ് യോഗങ്ങള്‍ നടക്കുന്നു. ഓരോ മണ്ഡലത്തിലെയും മത ജാതി സമവാക്യങ്ങള്‍ വിവരിച്ച് തങ്ങളുടെ ഗ്രൂപ്പിലുള്ള നേതാവിന്റെ സാധ്യതകളെക്കുറിച്ച് വിവരിക്കുന്നു. സിറ്റിംഗ് എം പിമാരുടെ പ്രവര്‍ത്തനത്തിലെ പാളിച്ചകളും ഇവര്‍ക്കെതിരായ ആരോപണങ്ങളും ചര്‍ച്ചയാക്കുന്നു. എം കെ രാഘവന്‍ മൂന്നാം തവണയും കോഴിക്കോട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായി ഇത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഗ്രീന്‍കോ എന്ന സഹകരണ സ്ഥാപനത്തില്‍ എം കെ രാഘവനും കൂട്ടരും 77 കോടി രൂപയുടെ തിരിമറി നടത്തിയതായുള്ള ആരോപണത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇത് ഉപയോഗപ്പെടുത്തി പുതിയ കളിക്ക് ഐ ഗ്രൂപ്പ് ശ്രമിക്കുന്നതായാണ് വിവരം. രാഘവന്‍ മത്സരിച്ചാല്‍ പ്രചാരണ രംഗത്ത് പാര്‍ട്ടിക്ക് വലിയ തിരിച്ചടി നേരിടുമെന്ന് ഇവര്‍ പറയുന്നു. പുതിയവര്‍ക്ക് അവസരം നല്‍കുന്നതിനായി രാഘവന്‍ സ്ഥാനം ഒഴിയണമെന്നാണ് ഇവരുടെ ആവശ്യം.

പാര്‍ട്ടിക്കകത്ത് രാഘവന്‍ പക്ഷപാതപരമായ സമീപനമാണ് കൈക്കൊള്ളുന്നതെന്നും എതിര്‍ വിഭാഗം പറയുന്നു. രാഘവന്‍ സംഘടനക്കുള്ളില്‍ ന്യൂനപക്ഷ വിഭാഗം നേതാക്കളെ ഒതുക്കുകയാണ്. കെ പി സി സി സെക്രട്ടറിയായി പരിഗണിക്കപ്പെട്ടയാളെ ന്യൂനപക്ഷ വിഭാഗക്കാരനാണെന്നതിനാല്‍ രാഘവന്‍ ഇടപെട്ട് ഒഴിവാക്കി. 45 വയസിന് താഴെയുള്ളവര്‍ക്കായി നീക്കിവെച്ച ഒഴിവില്‍ നിന്നാണ് ഈ നേതാവിനെ ഒഴിവാക്കിയത്. ഇദ്ദേഹത്തെ കെ പി സി സി സെക്രട്ടറിയാക്കണമെന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം ഐ ഷാനവാസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. കെ പി സി സി അംഗമായി തിരഞ്ഞെടുക്കണമെങ്കില്‍ ഡി സി സിയുടേയും എം പിയുടേയും അനുമതി വേണമെന്നാണ് സംഘടനാ രീതി. എന്നാല്‍ എം കെ രാഘവന്‍ എം പി ഇദ്ദേഹത്തെ തിരഞ്ഞെടുക്കാന്‍ അനുവദിച്ചില്ല തുടങ്ങിയ ആരോപണങ്ങളാണ് എതിര്‍ വിഭാഗം ഉന്നയിക്കുന്നത്. ഇതുകൊണ്ടൊന്നും രാഘവന്റെ സ്ഥാനാര്‍ഥിത്വം തടയാന്‍ കഴിയില്ലെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ക്ക് ബോധ്യമുണ്ട്.

ഡി സി സി നേതൃത്വം രാഘവന്റെ പേര് കെ പി സി സിക്ക് നിര്‍ദേശിച്ചെന്ന ഡി സി സിപ്രസിഡന്റ് ടി സിദ്ദീഖിന്റെ പരാമര്‍ശവും ഐ വിഭാഗത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഡി സി സി യില്‍ അങ്ങിനെയൊരു ആലോചന നടന്നിട്ടില്ലെന്നാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ ഐ ഗ്രൂപ്പിന്റെ സീറ്റായ വയനാട് ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ തവണ കാസര്‍കോട് മണ്ഡലത്തില്‍ മത്സരിച്ച ടി സിദ്ദീഖിന് ഇത്തവണ അവിടെ മത്സരിക്കാന്‍ താത്പര്യമില്ലെന്നാണ് അറിയിച്ചിട്ടുണ്ട്. മാത്രമല്ല കാസര്‍കോട് സീറ്റിനായി ഇത്തവണ പ്രാദേശിക വികാരം ശക്തമാണ്. ജില്ലയില്‍ നിന്നുള്ള ഒരാള്‍ സ്ഥാനാര്‍ഥിയായി മതിയെന്നാണ് നേതാക്കള്‍ പറയുന്നത്. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഏറെസ്വാധീനമുള്ള മണ്ഡലത്തില്‍ എ ഗ്രൂപ്പില്‍ തന്നെയുള്ള സുബയ്യറായിയെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം.വയനാട് സീറ്റിനായി മുന്‍ എ ഐ സി സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്റെ പേരിനാണ്പ്രഥമ പരിഗണന. കഴിഞ്ഞ തവണ കാസര്‍കോട് സീറ്റ് ഷാനിമോള്‍ക്ക് വാഗ്ദാനംചെയ്തിരുന്നെങ്കിലും ഉറച്ച മണ്ഡലമല്ലാത്തതിനാല്‍ ഇവര്‍ പിന്‍മാറി. തുടര്‍ന്നാണ് സിദ്ദീഖിന് അവസരം ലഭിച്ചത്. വയനാട് ലഭിച്ചില്ലെങ്കില്‍ ആലപ്പുഴ വേണമെന്നാണ് ഷാനിമോള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അവിടെ എ ഐ സി സി പ്രവര്‍ത്തക സമിതിയംഗം കെ സി വേണുഗോപാല്‍ മത്സരിക്കുമെന്ന കാര്യം ഏകദേശം ഉറപ്പായി കഴിഞ്ഞു. ഈ അവസരത്തില്‍ ഷാനിമോള്‍ക്ക് വയനാട് ലഭിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ ഉറച്ച പിന്തുണയുള്ള സിദ്ദീഖും എ കെ ആന്റണിയുടെ പിന്തുണയില്‍ എം എം ഹസനും ശക്തമായി രംഗത്തുണ്ട്.

ദേശീയ നേതൃത്വത്തില്‍ വലിയ സ്വാധീനമുള്ള എ കെ ആന്റണിയുടെ അഭിപ്രായം നിര്‍ണായകമാകും. ഈ മൂന്ന് നേതാക്കളില്‍ ആര് തഴയപ്പെട്ടാലും പാര്‍ട്ടിക്കുള്ളില്‍ ഇത് വലിയ ചര്‍ച്ചയാകും. കണ്ണൂരില്‍ കെ സുധാകരന്റെ പേരിനാണ് പ്രഥമ പരിഗണന. സുധാകരന് താത്പര്യമില്ലെങ്കില്‍ മാത്രമേ മറ്റൊരു പേര് ചര്‍ച്ചചെയ്യപ്പെടൂ. എങ്കിലും മുന്‍ എം പി അബ്ദുല്ലക്കുട്ടി സീറ്റ് താത്പര്യം അറിയിച്ച് കഴിഞ്ഞിട്ടുണ്ട്.
കെ പി സി സിപ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കില്ലെന്ന് അറിയിച്ചതിനാല്‍ വടകരക്കായാണ് കൂടുതല്‍ പേര്‍ രംഗത്തുള്ളത്. എന്നാല്‍ ഈഴവ, മുസ്‌ലിം വിഭാഗങ്ങളിലെ ഒരാളെമാത്രമേ വടകരയില്‍ പരിഗണിക്കൂവെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തില്‍ എ പി അബ്ദുല്ലക്കുട്ടി, കെ പി അനില്‍കുമാര്‍, കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, മഹിളാ കോണ്‍ഗ്രസ് നേതാവ് പി ഉഷാദേവി ടീച്ചര്‍ എന്നിവരുടെ പേരുകളാണ് മുന്‍നിരയില്‍.