ഭീകരവാദത്തെ ഒറ്റക്കെട്ടായി നേരിടാന്‍ ഉറച്ച് സര്‍വകക്ഷി യോഗം

Posted on: February 16, 2019 8:05 pm | Last updated: February 16, 2019 at 10:32 pm

ന്യൂഡല്‍ഹി: ഭീകരവാദത്തെ ഒറ്റക്കെട്ടായി നേരിടാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. ഭീകരവാദി ഭീഷണി ഇല്ലാതാക്കാന്‍ മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളും ഒന്നിച്ചുനില്‍ക്കും. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിന് സൈനികര്‍ക്ക് ഒപ്പം ഒത്തൊരുമിച്ച് നില്‍ക്കാന്‍ സര്‍വകക്ഷി യോഗം പാസ്സാക്കിയ പ്രമേയത്തില്‍ ആഹ്വാനം ചെയ്യുന്നു.

പാക്കിസ്ഥാനെ പേരെടുത്ത് പരാമര്‍ശിക്കാതെ പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. അതിര്‍ത്തി കടന്നെത്തുന്ന ഭീകരവാദത്തെ അയല്‍ രാജ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതായി യോഗം വിലയിരുത്തുന്നു. പുല്‍വാമയിലെ ഭീകരാക്രമണത്തെ യോഗം ശക്തമായി അപലപിച്ചു. ഭീരാക്രമണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് യോഗത്തില്‍ വിശദീകരിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ജ്യോതിരാദിത്യ സിന്ധ്യ, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, സിപിഐ നേതാവ് ഡി.രാജ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.