Kerala
ഖാദി ബോര്‍ഡിന് മോഹന്‍ലാലിന്റെ വക്കീല്‍ നോട്ടീസ്; 50 കോടി നഷ്ടപരിഹാരം നല്‍കണം

തിരുവനന്തപുരം: പൊതുജനമധ്യത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് സംസ്ഥാന ഖാദി ബോര്‍ഡിനെതിരെ നടന്‍ മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയച്ചു. പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശോഭനാ ജോര്‍ജ്ജ് മാപ്പുപറയണമെന്നും, മുന്‍നിര പത്രങ്ങളിലും ചാനലുകളിലും മാപ്പ് അപേക്ഷ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ അമ്പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപടികളേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ നവംബറില്‍ അയച്ച നോട്ടീസ് ആണെങ്കിലും വിശദാംശങ്ങള്‍ ഇപ്പോഴാണ് പുറത്ത് വിട്ടത്.
സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി അഭിനയിച്ച ലാലിനും സ്ഥാപനത്തിനും ഖാദി ബോര്‍ഡ് വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. ഇതാണ് മോഹന്‍ലാലിനെ പ്രകോപിപ്പിച്ചത്. ദേശീയതയുടെ അടയാളങ്ങളിലൊന്നായ ചര്‍ക്കയെ ഖാദിയുമായോ ചര്‍ക്കയുമായോ യാതൊരു ബന്ധവുമില്ലാത്ത ഉല്‍പന്നങ്ങളുടെ പരസ്യത്തില്‍ ഉപയോഗിക്കുന്നത് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഖാദി ബോര്‍ഡ് നോട്ടീസയച്ചത്. മോഹന്‍ലാല്‍ അഭിനയിക്കുന്നതു ഖാദിബോര്‍ഡിനു നഷ്ടവും സ്വകാര്യ സ്ഥാപനത്തിനു ലാഭവും ഉണ്ടാക്കുമെന്നായിരുന്നു ബോര്‍ഡിന്റെ നിലപാട്.
ഖാദി ബോര്‍ഡ് അയച്ച വക്കീല്‍ നോട്ടീസിനെ തുടര്‍ന്ന് മോഹന്‍ലാല്‍ ചര്‍ക്ക നൂല്‍ക്കുന്ന പരസ്യം മുണ്ട് നിര്‍മ്മാണ കമ്പനി പിന്‍വലിച്ചിരുന്നു. എന്നാല്‍ ശോഭനയുടെ പരാമര്‍ശങ്ങള്‍ തനിക്ക് ഇത് വ്യക്തപരമായി വലിയ അപമാനമായെന്ന വികാരമാണ് മോഹന്‍ലാലിനുള്ളത്. ഇതാണ് നിയമനടപടികളിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചത്.