Connect with us

Editorial

ഇറാന്‍ വിപ്ലവത്തിന്റെ നാല് പതിറ്റാണ്ട്

Published

|

Last Updated

1979ലെ വിപ്ലവത്തിന്റെ നാല്‍പ്പതാം വാര്‍ഷികം അത്യന്തം ഉത്സാഹത്തോടെയാണ് ഇറാന്‍ കൊണ്ടാടിയത്. ടെഹ്‌റാനിലെ ഫ്രീഡം സ്‌ക്വയറില്‍ നടന്ന മഹാറാലിയില്‍ പത്ത് ലക്ഷത്തിലേറെ പേര്‍ പങ്കെടുത്തു. ഷാ പഹ്‌ലവി ഭരണത്തെ പിന്തുണച്ച് അമേരിക്ക നിര്‍മിച്ച സ്‌ക്വയറിലാണ് ജനങ്ങള്‍ ഒത്തു കൂടി സാമ്രാജ്യത്വവിരുദ്ധ പ്രതിജ്ഞ പുതുക്കിയത്. നവ സാമ്രാജ്യത്വം കൂടുതല്‍ ക്രൗര്യത്തോടെ ഇടപെടാന്‍ കാത്തു നില്‍ക്കുകയാണെന്ന് തിരിച്ചറിയുന്നുവെന്നും അതിനെ ജനശക്തി കൊണ്ട് ചെറുക്കുമെന്നും റാലിയില്‍ അണിനിരന്നവര്‍ പ്രഖ്യാപിച്ചു.
ഇത്തരത്തിലുള്ള നിരവധി റാലികളും ഒത്തു ചേരലുകളും മറ്റു നഗരങ്ങളിലും നടന്നു. ഗ്രാമങ്ങളും വിപ്ലവ സ്മരണ പുതുക്കി പുതിയ കാലത്തെ വെല്ലുവിളികള്‍ക്കെതിരെ ചങ്കുറപ്പോടെ നിലകൊള്ളുമെന്ന പ്രതിജ്ഞ കൈക്കൊണ്ടു. നാല്‍പ്പത് വര്‍ഷം പിന്നിടുമ്പോഴും അന്ന് ഫെബ്രുവരിയില്‍ ആയത്തുല്ലാ ഖുമൈനി കൊളുത്തിയ വിപ്ലവ ജ്വാല കെടാതെയിരിക്കുന്നുവെന്ന വസ്തുത ഇറാനെന്ന രാഷ്ട്രത്തെ ശക്തിമത്താക്കി നിലനിര്‍ത്തുന്നു. ശത്രു ബലവാനായിരിക്കുന്നുവെന്ന ബോധവും ചരിത്രത്തില്‍ അതിനെ നേരിട്ടതിന്റെ ഓര്‍മകളും ഒരുമിക്കുമ്പോള്‍ ദേശീയത അണയാതെ നിലനില്‍ക്കും. ആ അര്‍ഥത്തില്‍, ചരിത്രത്തെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ ഈ ശിയാ രാഷ്ട്രത്തിലെ പുതിയ നേതാക്കളും വിജയിച്ചിരിക്കുന്നുവെന്ന് തെളിയിക്കുന്നതാണ് തിങ്കളാഴ്ച സമാപിച്ച വാര്‍ഷികാഘോഷ ചടങ്ങുകള്‍.

പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍ ഒന്നൊന്നായി ശിഥിലമായിക്കൊണ്ടിരിക്കുമ്പോള്‍ കെട്ടുറപ്പോടെ നിലനിന്ന് സാമ്രാജ്യത്വവിരുദ്ധ ചേരിക്ക് ഊര്‍ജം പകരുന്നുവെന്നത് ഇറാന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നുണ്ട്. എണ്ണ സമ്പന്നമായ ഈ രാഷ്ട്രം പെട്രോ രാഷ്ട്രീയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുന്നു. അമേരിക്കന്‍ ഉപരോധത്തിന്റെ വാള്‍ ചുഴറ്റലില്‍ പകച്ച് പോകുന്നവര്‍ക്ക് ഇറാന്‍ ആത്മവിശ്വാസം പകരുന്നു. ചൈനയും റഷ്യയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്ന ബദല്‍ ചേരിയില്‍ സജീവ സാന്നിധ്യമാണ് ഈ രാഷ്ട്രം. ഇന്ത്യയുമായി പുലര്‍ത്തുന്ന സൗഹൃദം ഏഷ്യയിലാകെ ചലനമുണ്ടാക്കുന്നു. യു എന്‍ പോലുള്ള അന്താരാഷ്ട്ര വേദികളില്‍ ഇറാന്‍ ഒരേസമയം കുറ്റാരോപണത്തിന്റെ കേന്ദ്രവും പ്രത്യാക്രമണത്തിന്റെ പ്രഭവ കേന്ദ്രവുമാണ്. ഇസ്‌റാഈലിനെതിരെ ഏറ്റവും ശക്തമായി നിലകൊള്ളുന്നുവെന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ കഴിഞ്ഞ നാല് പതിറ്റാണ്ടു കൊണ്ട് ഇറാന് സാധിച്ചിട്ടുണ്ട്. ആണവ പരീക്ഷണങ്ങള്‍ സംബന്ധിച്ച കോലാഹലങ്ങളും ആശങ്കകളും ഒരു രാജ്യത്തിന്റെ സ്വയം നിര്‍ണയാവകാശം എത്രത്തോളമെന്ന വലിയ ചോദ്യമാണ് ലോകത്തിന് മുമ്പില്‍ വെച്ചത്.

എന്നാല്‍ ഈ തിളക്കങ്ങളെയാകെ അപ്രസക്തമാക്കുന്ന, കുടുസ്സായ ശിയാ താത്പര്യങ്ങള്‍ വിപ്ലവ ഇറാനിലുടനീളം കാണാനാകും. അതുകൊണ്ടാണ് 1979ലെ വിപ്ലവത്തെ ഇസ്‌ലാമിക് വിപ്ലവമെന്ന് തീര്‍ത്തു പറയാന്‍ പലരും മടിക്കുന്നത്. അത് ശിയാ വിപ്ലവം മാത്രമായി അധഃപതിച്ചതിന്റെയും സ്വാധീനമുറപ്പിക്കാനായി ഇറാനിയന്‍ ഭരണാധികാരികള്‍ നിരന്തരം കുത്തിത്തിരിപ്പുകള്‍ സൃഷ്ടിച്ചതിന്റെയും ഉത്പന്നമാണ് ഇന്ന് മേഖലയിലാകെ കാണുന്ന സംഘര്‍ഷങ്ങള്‍. വിപ്ലവം വഴി നേടിയെടുത്ത കരുത്ത് പില്‍ക്കാലത്ത് വ്യയം ചെയ്തത് എന്തിന് വേണ്ടി എന്നതാണ് ചോദ്യം. ഇറാഖില്‍ ഒരു ശിയാ ഭരണകൂടം സ്ഥാപിക്കാന്‍ ആ കരുത്ത് വിനിയോഗിച്ചു. സിറിയയില്‍ ബശര്‍ അല്‍ അസദിനെ നിലനിര്‍ത്താന്‍ ആളും അര്‍ഥവും ഇറക്കി. യമനില്‍ ഹൂത്തികള്‍ക്കാണ് പിന്തുണ. ബഹ്‌റൈനില്‍ കലാപം വിതച്ചു. സഊദിക്കെതിരെ പലയിടങ്ങളില്‍ നിഴല്‍ യുദ്ധം. ഇന്ത്യയില്‍ ഹിന്ദുത്വ ഫാസിസ്റ്റുകളോടൊപ്പമാണ്. പാക്കിസ്ഥാനില്‍ മുഖ്യധാരയില്‍ ലയിക്കാനാകാത്ത ന്യൂനപക്ഷമാണ് ശിയാക്കള്‍.

സഊദിയുമായി ഇറാന്‍ എക്കാലത്തും പരോക്ഷയുദ്ധത്തിലായിരുന്നു. 1979ലെ വിപ്ലവത്തിന് തൊട്ടു മുമ്പ് സഊദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ അല്‍ സഊദ് ഭരണകൂടത്തിനെതിരെ നടന്ന കലാപം ഈ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ശത്രുതാപരമാക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. 1987ല്‍ ഹജ്ജിനിടെ പ്രകടനം നടത്തി ശിയാക്കള്‍ ഒരിക്കല്‍ കൂടി സഊദി നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു. തുടര്‍ന്ന് ഇറാനുമായുള്ള എല്ലാ ബന്ധങ്ങളും സഊദി വിച്ഛേദിച്ചു. സഊദി യമന്‍ അതിര്‍ത്തി ഇപ്പോള്‍ അശാന്തമാണ്. പൊതുവെ ദരിദ്രമായ യമന്‍ അസ്ഥിരതയുടെ അഗാധതയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. ഇപ്പോഴത്തെ ജി സി സി ഖത്വര്‍ പ്രതിസന്ധിയിലും ഇറാന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നു. യു എസ് നേതാക്കളെല്ലാം ശിയാക്കളെ കണ്ടത് മതപരിഷ്‌കരണ വാദികളും വിപ്ലവകാരികളുമായാണ്. സുന്നി ശിയാ വിഭജനം എക്കാലവും നിലനിര്‍ത്താന്‍ ഇറാനെ ഉപയോഗിക്കുകയാണ് അമേരിക്ക ചെയ്തത്. സദ്ദാമിന്റെ കാര്യത്തില്‍ അതാണല്ലോ സംഭവിച്ചത്. സദ്ദാമിന്റെ പതനമാണ് പിന്നീട് ഇസിലിന്റെ സൃഷ്ടിക്ക് പശ്ചാത്തലമൊരുക്കിയത്. ഇറാന്‍ ഒരിക്കല്‍ പോലും അമേരിക്കയെ നേരിട്ട് ആക്രമിച്ചിട്ടില്ലെന്നും എന്നാല്‍ സഊദി പൗരന്‍മാരായ സുന്നികള്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ പങ്കാളികളാകുക വഴി അവരുടെ വിശ്വാസ്യത കളഞ്ഞ് കുളിച്ചുവെന്നും അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നു.

ശിയാ ആശയധാരയില്‍ വിശ്വാസത്തേക്കാളും മതപരമായ ആവിഷ്‌കാരങ്ങളേക്കാളും രാഷ്ട്രീയം മുന്നിട്ടു നില്‍ക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. അധികാരം പിടിക്കാനും മേധാവിത്വം സ്ഥാപിക്കാനുമുള്ള ത്വര അതില്‍ അന്തര്‍ലീനമായിരിക്കുന്നു. ഈ കുതന്ത്രം കൈവെടിയാത്തിടത്തോളം കാലം ഇറാനില്‍ നടന്നത് ഇസ്‌ലാമിക വിപ്ലവമായി അടയാളപ്പെടുത്താനാകില്ല.

Latest