രാജ്യത്തോട് നൂറു ശതമാനം നീതി പുലര്‍ത്തി: പ്രധാനമന്ത്രി

Posted on: February 13, 2019 8:35 pm | Last updated: February 13, 2019 at 10:47 pm

ന്യൂഡല്‍ഹി: രാജ്യത്തോട് നുറു ശതമാനം നീതി പുലര്‍ത്താന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ആറാമത്തെ സാമ്പത്തികശക്തിയായി ഇന്ത്യയെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. 16-ാം ലോക്‌സഭയുടെ അവസാന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

തന്റെ സര്‍ക്കാറിന്റെ കാലത്ത് പാര്‍ലിമെന്റിന്റെ പ്രവര്‍ത്തനം ശരാശരി 85 ശതമാനം വിനിയോഗിക്കാന്‍ കഴിഞ്ഞുവെന്ന് മോദി പറഞ്ഞു. 16ാം ലോക്‌സഭയിലേക്കാണ് ഏറ്റവും കൂടുതല്‍ വനിതകള്‍ തിരഞ്ഞെടുക്കപ്പെട്ടതെന്നും ഇത് അഭിമാനകരാമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വയം പര്യപ്തത കൈവരിക്കുന്നതില്‍ ഇന്ത്യ കൂടുതല്‍ വളര്‍ച്ച കാണിച്ചു. മെയ്ക് ഇന്‍ ഇന്ത്യ ഇത്തരത്തിലുള്ള ഒരു നീക്കമായിരുന്നു. ഡിജിറ്റല്‍ ലോകത്ത് ഇന്ത്യക്ക് സ്വന്തമായ ഇടം നേടിക്കൊടുത്തുവെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ കാഠിന്യം കുറയക്കാന്‍ അന്താരാഷ്ട്ര സോളാര്‍ സഖ്യത്തിലൂടെ സാധിച്ചുവെന്നും മോദി പറഞ്ഞു.

കള്ളപ്പണത്തിന് എതിരായ നിയമങ്ങള്‍ പാസ്സാക്കിയതും ജിഎസ്ടി നടപ്പിലാക്കിയതും ഈ സഭയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.