എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ്

Posted on: February 13, 2019 7:09 pm | Last updated: February 14, 2019 at 10:37 am

തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനായി 4,39,41,274 രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി മന്ത്രി കെകെ ശൈലജ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. അമ്പതിനായിരും മുതല്‍ മൂന്ന് ലക്ഷം രൂപവരെയുള്ള 455 കടബാധ്യതകള്‍ എഴുതി തള്ളാനുള്ള തുക കാസര്‍കോട് ജില്ല കലക്ടര്‍ക്ക് അനുവദിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നേത്യത്വത്തില്‍ മാര്‍ച്ച് മാസത്തില്‍ ചേര്‍ന്ന യോഗം മൂന്ന് ലക്ഷം വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളുന്നതിന് 7.63 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. അദ്യഘട്ടമായി 2011 ജൂണ്‍വരെയുള്ള അമ്പതിനായിരം വരെയുള്ള 1083 കടബാധ്യതകള്‍ക്കായി 2,17,38,655 രൂപ കാസര്‍കോട് ജില്ലാ കലക്ടര്‍ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. രണ്ടാം ഘട്ടമായാണ് അമ്പതിനായിരം മുതല്‍ മൂന്ന് ലക്ഷംവരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നത്.