റഫാലില്‍ മോദി സര്‍ക്കാറിന് കുരുക്കു മുറുകുന്നു; കരാറിലുണ്ടായിരുന്നത് നീതീകരിക്കാനാകാത്ത വ്യവസ്ഥകളെന്ന്

Posted on: February 13, 2019 9:45 am | Last updated: February 13, 2019 at 11:42 am

ന്യൂഡല്‍ഹി: അനുദിനം വിവാദമാകുന്ന റഫാല്‍ കരാറില്‍ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. യു പി എ സര്‍ക്കാറിന്റെ കാലത്തെ അപേക്ഷിച്ച് നീതീകരിക്കാനാകാത്ത വ്യവസ്ഥകളാണ് മോദി സര്‍ക്കാര്‍ ഏര്‍പ്പെട്ട കരാറിലുണ്ടായിരുന്നതെന്ന് ദി ഹിന്ദു ദിനപത്രത്തിന്റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

റഫാല്‍ കരാര്‍ രൂപവത്കരിക്കുന്നതിന് മുന്നോടിയായി ദസ്സോ കമ്പനിയുമായി ഇന്ത്യന്‍ സര്‍ക്കാറിനു വേണ്ടി ചര്‍ച്ച നടത്തിയ ഏഴ് ഉദ്യോഗസ്ഥരില്‍ മൂന്നു പേര്‍ വ്യവസ്ഥകളില്‍ ആശങ്ക പ്രകടിപ്പിച്ച് എഴുതിയ കുറിപ്പാണ് പത്രം പുറത്തുവിട്ടത്. ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ ഉപദേഷ്ടാവ് എം പി സിംഗ്, ധനകാര്യ മാനേജര്‍ എ ആര്‍ സുലേഖ, ജോയിന്റ് സെക്രട്ടറിയും അക്വിസിഷന്‍ മാനേജരുമായ രാജീവ് വര്‍മ എന്നിവരാണ് ആശങ്കകള്‍ മുന്നോട്ടുവച്ചത്.

റഫാല്‍ കരാറിലേക്കു പോകുന്നതിനു മൂന്നു മാസം മുമ്പാണ് ഇവര്‍ എട്ടു പേജുള്ള കുറിപ്പ് തയാറാക്കിയത്. അതാണിപ്പോള്‍ വെളിച്ചത്തായത്. യു പി എ സര്‍ക്കാറിന്റെ കാലത്ത് 126 വിമാനങ്ങള്‍ നിര്‍മിക്കാനാണ് ദസ്സോയുമായി കരാറുണ്ടാക്കിയത്. ഇവയില്‍ 18 എണ്ണം ദസ്സോ നല്‍കാനും ബാക്കിയുള്ളവ എച്ച് എ എല്ലുമായി ചേര്‍ന്ന് നിര്‍മിക്കാനുമായിരുന്നു പദ്ധതി. എന്നാല്‍, മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കരാറില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്തി.

എച്ച് എ എല്ലിനു പകരം അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിയെ ഡിഫന്‍സ് ഓഫ്‌സെറ്റ് പങ്കാളിയാക്കുകയും വിമാനത്തിന്റെ എണ്ണം 36 ആയി ചുരുക്കുകയും ചെയ്തു. എണ്ണം വലിയതോതില്‍ വെട്ടിക്കുറച്ചിട്ടും യു പി എ സര്‍ക്കാറിന്റെ കാലത്തേതിനെക്കാള്‍ കൂടുതല്‍ വിലക്കാണ് കരാറുണ്ടാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഉപയോഗത്തിന് പൂര്‍ണ സജ്ജമായ വിമാനങ്ങള്‍ മുന്‍ സര്‍ക്കാറിന്റെ കാലത്തേതിനെക്കാള്‍ വേഗത്തില്‍ ലഭിക്കുമെന്നായിരുന്നു എണ്ണത്തില്‍ ഭീമമായ കുറവു വരുത്തിയതിന് മോദി സര്‍ക്കാര്‍ നല്‍കിയിരുന്ന ന്യായീകരണം. എന്നാല്‍, താരതമ്യത്തില്‍ പുതിയ കരാര്‍ അനുസരിച്ച് വിമാനം ലഭിക്കാന്‍ സമയപരിധി കൂടുകയാണ് ചെയ്തിട്ടുള്ളത്.

നിയമ പ്രശ്‌നങ്ങള്‍, കരാര്‍ വ്യവസ്ഥകളുടെ ലംഘനം, അനധികൃത ഇടപെടല്‍ എന്നിവ നടന്നാല്‍ ദസ്സോക്കെതിരെ പിഴ ഈടാക്കല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന വ്യവസ്ഥ ഒഴിവാക്കി എന്നതാണ് ഗുരുതരമായ മറ്റൊരു കാര്യം. മുന്‍ സര്‍ക്കാറിന്റെ കാലത്ത് രംഗത്തുണ്ടായിരുന്നു യൂറോഫൈറ്റര്‍ കമ്പനി മുന്നോട്ടു വച്ചത് ഇതിലും ലാഭകരമായ കരാറായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.