Connect with us

Editorial

സബ് കലക്ടര്‍മാര്‍ വാഴാത്ത ദേവികുളം

Published

|

Last Updated

ദേവികുളം സബ് കലക്ടര്‍ രേണു രാജിനെതിരെ പരാമര്‍ശങ്ങള്‍ നടത്തി പുലിവാല് പിടിച്ചിരിക്കയാണ് ദേവികുളം എം എല്‍ എ, എസ് രാജേന്ദ്രന്‍. മൂന്നാറിലെ അനധികൃത നിര്‍മാണം തടഞ്ഞതില്‍ കലിപൂണ്ട് സബ് കലക്ടര്‍ക്കെതിരെ എം എല്‍ എ നടത്തിയ മോശം പരാമര്‍ശങ്ങള്‍ക്കെതിരെ ഭരണകക്ഷിയായ സി പി എം, സി പി ഐ നേതാക്കളടക്കം രംഗത്തു വന്നിട്ടുണ്ട്. പഴയ മൂന്നാറിലെ മുതിരപ്പുഴയാറിനോട് ചേര്‍ന്ന് കെ ഡി എച്ച് കമ്പനി വാഹന പാര്‍ക്കിംഗ് ഗ്രൗണ്ടിനായി വിട്ടുകൊടുത്ത സ്ഥലത്തെ നിര്‍മാണമാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് നിര്‍ത്തിവെക്കാന്‍ സബ് കലക്ടര്‍ ആവശ്യപ്പെട്ടത്. 2010ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അനധികൃത നിര്‍മാണം തടയാനെത്തിയ തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ എം എല്‍ എയുടെ നേതൃത്തിലുള്ള സംഘം മടക്കിയയക്കുകയും ചെയ്തിരുന്നു.

മൂന്നാറില്‍ സബ് കലക്ടര്‍മാരും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുടെ മോശം പരാമര്‍ശങ്ങളും ഭീഷണികളും നേരിടേണ്ടിവരുന്നത് പതിവാണ്. ഇതിനു മുമ്പ് വി ആര്‍ പ്രേംകുമാര്‍, ശ്രീംരാം വെങ്കട്ടരാമന്‍, സബിന്‍ സമീത് തുടങ്ങിയവരൊക്കെ ഇതനുഭവിച്ചിട്ടുണ്ട്. അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ക്കും കൈയേറ്റങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിച്ചതിന്റെ പേരിലാണ് ഇവരൊക്കെയും പീഡനങ്ങള്‍ക്കിരയായതും സ്ഥലം മാറ്റപ്പെട്ടതും. 3,200 ഹെക്ടറുള്ള കുറിഞ്ഞി ഉദ്യാനത്തിലെ യഥാര്‍ഥ കര്‍ഷകരെയും കൈയേറ്റക്കാരെയും വേര്‍തിരിക്കാനുള്ള ശ്രമമാണ് ദേവികുളം സബ്കലക്ടറായിരുന്ന വി ആര്‍ പ്രേംകുമാറിനെ ഭൂമാഫിയയുടെയും ജനപ്രതിനിധികളുടെയും കണ്ണില്‍ കരടാക്കി മാറ്റിയത്. ഇതിനിടയില്‍ ഒരു എം പിയുടെയും കുടുംബത്തിന്റെയും ഭൂമിയുടെ പട്ടയം റദ്ദ് ചെയ്തതോടെ അദ്ദേഹത്തെ ശബരിമല സ്‌പെഷ്യല്‍ ഓഫീസറായി സ്ഥലം മാറ്റുകയായിരുന്നു.

പ്രേംകുമാറിന് മുമ്പ് ഇവിടെ സബ് കലക്ടറായിരുന്ന ശ്രീരാം വെങ്കിട്ടരാമന്‍ പ്രകൃതി നശിപ്പിച്ചും അനധികൃതമായും നടത്തുന്ന നിര്‍മാണങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് റിസോര്‍ട്ട് മാഫിയയുടെ നോട്ടപ്പുള്ളിയായത്. തുടര്‍ന്ന് അദ്ദേഹത്തെ വെല്ലുവിളിച്ച് ഭരണകക്ഷി എം എല്‍ എയും മന്ത്രിയുമടക്കം രംഗത്ത് വന്നു. “തലക്ക് സ്ഥിരതയില്ലാത്തവന്‍, ഇവനൊക്കെ ആരാണ് ഐ എ എസ് നല്‍കിയതെ”ന്നായിരുന്നു ശ്രീരാമിനെക്കുറിച്ച് പത്രസമ്മേളനത്തില്‍ ഒരു എം എല്‍ എയുടെ അവഹേളനാപരമായ പരാമര്‍ശം. ഒടുവില്‍ എംപ്ലോയ്‌മെന്റ് ഡയറക്ടറാക്കി അദ്ദേഹത്തെ സ്ഥലംമാറ്റി. 2015ല്‍ ദേവികുളം ആര്‍ ഡി ഒ ആയി ചുമതലയേറ്റ സബിന്‍ സമീദ് 2010ലെ കോടതി ഉത്തരവ് പ്രകാരം മൂന്നാറിലെ എട്ട് വില്ലേജുകളിലെ എല്ലാ നിര്‍മാണങ്ങള്‍ക്കും ജില്ലാ കലക്ടറുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയും എന്‍ ഒ സി ഇല്ലാത്ത എല്ലാ നിര്‍മാണങ്ങള്‍ക്കും നിരോധന ഉത്തരവ് നല്‍കുകയും ചെയ്തതോടെയാണ് തെറിച്ചത്.

ഭൂമാഫിയകള്‍ വിളയാടുന്ന ദേവികുളം, സബ് കലക്ടര്‍മാര്‍ വാഴാത്ത മേഖല എന്നാണ് അറിയപ്പെടുന്നത്. ഈ മേഖലയിലെ പല നിര്‍മാണ പ്രവര്‍ത്തനങ്ങളും അനധികൃതമാണ്. പല തവണ കോടതി ഇടപെട്ടിട്ടും ഭൂ, റിസോര്‍ട്ട് മാഫിയകള്‍ കൈയേറ്റം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇവിടെ നിയോഗിക്കപ്പെടുന്ന ഉത്തരവാദിത്വ ബോധമുള്ള സബ് കലക്ടര്‍മാര്‍ക്ക് ഇത്തരം കൈയേറ്റങ്ങള്‍ കണ്ടു നില്‍ക്കാനാകില്ല. അവര്‍ നിയമപരമായി നീങ്ങുമ്പോള്‍, ഒഴിപ്പിക്കാനെത്തുന്ന ഉദ്യോഗസ്ഥരെ ഗുണ്ടകളെ വിട്ട് ആക്രമിക്കുകയും നീതിപൂര്‍വം പ്രവര്‍ത്തിക്കുന്ന സബ് കലക്ടര്‍മാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പ്രസ്ഥനാങ്ങള്‍ സമര രംഗത്തിറങ്ങി സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്നു. അങ്ങനെയാണ് മിക്ക സബ് കലക്ടര്‍മാര്‍ക്കും ഇവിടം വിടേണ്ടി വന്നത്. വി എസ് അച്യുതാനന്ദന്റെ ഭരണകാലത്ത് ഉദ്യോഗസ്ഥര്‍ മൂന്നാറിലെ അനധികൃത കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയപ്പോള്‍, ഒഴിപ്പിക്കാന്‍ വരുന്ന ഉദ്യോഗസ്ഥരുടെ കാല് വെട്ടുമെന്നായിരുന്നു ഭരണത്തിലിരിക്കുന്ന ഒരു പാര്‍ട്ടിയുടെ ജില്ലാ നേതൃത്വം പരസ്യമായി പ്രഖ്യാപിച്ചത്. അവരുടെ ഭീഷണിക്കു മുമ്പില്‍ പിടിച്ചു നില്‍ക്കാനാകാതെയാണ് ഉദ്യോഗസ്ഥര്‍ക്ക് അന്ന് പിന്‍വാങ്ങേണ്ടിവന്നത്.

സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ പുറത്തു ചാടിക്കുന്ന കാര്യത്തില്‍ മൂന്നാറില്‍ എല്ലാ കക്ഷികളും ഒറ്റക്കെട്ടാണ്. ഇടതു, വലതു വ്യത്യാസമില്ലാതെ എല്ലാ നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമുണ്ട് ഇവിടെ അനധികൃത കൈയേറ്റവും കെട്ടിടങ്ങളും. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്ത് ഹെക്ടര്‍ കണക്കിന് ഭൂമിയാണ് രാഷ്ട്രീയക്കാരും ബിനാമികളും മൂന്നാറില്‍ കൈയടക്കി വെച്ചിരിക്കുന്നത്. അതീവ ലോല പരിസ്ഥിതി പ്രദേശമായ ഇവിടെ ആവാസവ്യവസ്ഥ തകിടം മറിക്കുന്ന തരത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും അഭംഗുരം നടന്നുവരുന്നു. മൂന്നാറില്‍ ചില പാര്‍ട്ടി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് തന്നെ കൈയേറിയ ഭൂമിയില്‍ നിര്‍മിച്ച കെട്ടിടത്തിലാണ്. ഉദ്യോഗസ്ഥരും മാഫിയകളും തമ്മിലുളള പോരാട്ടത്തില്‍ മാഫിയകളുടെ ഭാഗത്ത് നിലയുറപ്പിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ നിര്‍ബന്ധിതരാകുന്നതിന്റെ പശ്ചാത്തലം ഇതാണ്.

ഇപ്പോള്‍ സബ് കലക്ടര്‍ രേണു രാജും എം എല്‍ എയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സി പി എമ്മിന്റെയും സി പി ഐയുടെയും ജില്ലാ ഘടങ്ങളും വകുപ്പ് മന്ത്രിയും സബ്കലക്ടറെ പിന്തുണച്ച് രംഗത്തു വന്നിട്ടുണ്ടെങ്കിലും ഈ പിന്തുണ എത്ര മുന്നോട്ടു പോകുമെന്നറിയില്ല. നേരത്തേ ഇത്തരം തര്‍ക്കങ്ങളില്‍ തുടക്കത്തില്‍ ഉദ്യോഗസ്ഥരെ പിന്തുണച്ച ഭരണകക്ഷി നേതാക്കള്‍ താമസിയാതെ ഉദ്യോഗസ്ഥരെ കൈവിട്ട ചരിത്രമാണുള്ളത്.