എകെ ബാലനെതിരെ യൂത്ത് ലീഗ് ; കിര്‍ത്താഡ്‌സില്‍ യോഗ്യതയില്ലാത്തവരെ സ്ഥിരപ്പെടുത്തിയെന്ന് ആരോപണം

Posted on: February 11, 2019 12:51 pm | Last updated: February 11, 2019 at 3:29 pm

കോഴിക്കോട്: നിയമ മന്ത്രി എകെ ബാലനെതിരെ ആരോപണവുമായി യൂത്ത് ലീഗ്. മന്ത്രിയുടെ അസി.പ്രൈവറ്റ് സെക്രട്ടറിയടക്കം വിദ്യാഭ്യാസ യോഗ്യതയില്ലാത്ത നാല് പേരെ കിര്‍ത്താഡ്‌സില്‍ വഴിവിട്ട് സ്ഥിരപ്പെടുത്തിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ആരോപിച്ചു. കിര്‍ത്താഡ്‌സിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന എഴുത്തുകാരി ഇന്ദു വി മേനോനടക്കമുള്ളവരെ ചട്ടം മറികടന്നാണ് സ്ഥിരപ്പെടുത്തിയതെന്ന് പികെ ഫിറോസ് ആരോപിച്ചു.

എഎന്‍ മണിഭൂഷണ്‍, മിനി പിവി, സജിത് കുമാര്‍ എസ് വി എന്നിവരും യോഗ്യതയില്ലാതെ സ്ഥിരം നിയമനം നേടിയവരാണെന്നും ഫിറോസ് പറഞ്ഞു. എകെ ബാലന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മണിഭൂഷണ് സ്ഥിരനിയമനം നല്‍കിയത് മറച്ച് വെക്കാനും സാധൂകരിക്കാനുമാണ് മറ്റുള്ളവരുടെ നിയമനം നടത്തിയത്. എംഫിലും പിഎച്ച്ഡിയും യോഗ്യത വേണ്ട സ്ഥാനത്താണ് എംഎ വിദ്യാഭ്യാസ യോഗ്യതമാത്രമുള്ള ഇവരെ നിയമിച്ചതെന്നും ഫിറോസ് പറഞ്ഞു. ധനവകുപ്പിന്റേയും നിയമവകുപ്പിന്റേയും ഭരണപരിഷ്‌കാര വകുപ്പിന്റേയും എതിര്‍പ്പ് മറികടന്നായിരുന്നു നിയമനമെന്നും ഫിറോസ് ആരോപിച്ചു