മർകസ് നോളജ് സിറ്റി സീറോ കാർബൺ സിറ്റിയാകുന്നു

Posted on: February 11, 2019 11:25 am | Last updated: February 11, 2019 at 11:26 am
മര്‍കസ് നോളജ് സിറ്റിയെ സീറോ കാര്‍ബണ്‍ സിറ്റിയാക്കുന്ന പദ്ധതി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: പ്രകൃതിയുടെ പരിശുദ്ധിയെ സംരക്ഷിച്ചു ഹരിതാഭമായ നഗരമാക്കി നോളജ് സിറ്റിയെ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ആരംഭം കുറിച്ചു സീറോ കാര്‍ബണ്‍ സിറ്റി എന്ന പ്രോഗ്രാമിന് തുടക്കമായി. ഇതിന്റെ ഭാഗമായി മലിനീകരണ രഹിതമായ വാഹനങ്ങള്‍ നോളജ് സിറ്റിയില്‍ പ്രോത്സഹിപിപ്പിക്കുകയും ആഭ്യന്തര യാത്രകള്‍ക്ക് സൈക്കിള്‍ പോലുള്ള ഇന്ധന മുക്ത സംവിധാനങ്ങള്‍ വ്യാപകമാക്കുകയും ചെയ്യും. ഡീസല്‍-പെട്രോള്‍ എന്നിവയാല്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ നിയന്ത്രിച്ചു ഇലക്ട്രിക്കല്‍ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക, വൈദ്യതി ഉപയോഗത്തിന് സോളാര്‍ പ്രോത്സാഹിപ്പിക്കുക, പ്രത്യേക ജലസംഭരണികള്‍ നിര്‍മിച്ചു ഉപരിതല ജലസാന്നിദ്ധ്യം നിത്യമാക്കുക, പഴവര്‍ഗങ്ങളും പൂക്കളും ഉല്പാദിപ്പിക്കുന്ന ആയിരക്കണക്കിന് ചെടികള്‍ നടുക എന്നിവ ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

കാര്‍ബണിന്റെ ഉയര്‍ന്ന തോതിലുള്ള സാന്നിധ്യം പരിസ്ഥിതിക്ക് ആഘാതം കൂട്ടുകയും വ്യത്യസ്ത ജീവജാലങ്ങളുടെ സുഗമമായ ജീവിതത്തിന് തടസ്സ ആവുകയും ചെയ്യുന്നത് കാരണം ശാസ്ത്രലോകം ഗൗരവത്തോടെ കാണുന്ന വിഷയമാണിത്. കൂടുതല്‍ പ്രകൃതിയോട് ഇണങ്ങി സീറോ കാര്‍ബണ്‍ സിറ്റി ആകുന്നതോടെ കിളികളും ചിത്രശലഭങ്ങളും അടങ്ങുന്ന വിവിധ ജീവിവര്‍ഗ്ഗങ്ങളെ നോളജ് സിറ്റിയുടെ വിശാലമായ ഭൂമികയില്‍ ഇഷ്ടംപോലെ വിഹരിക്കാന്‍ അവസരമൊരുങ്ങും. നിലവില്‍ അബുദാബിയിലെ മസ്ദര്‍ സിറ്റിയും, ചൈനയിലെ ഡോണ്‍ഗാര്‍ നഗരവും ആണ് സീറോ കാര്‍ബണ്‍ നഗരം എന്ന നിലയില്‍ ലോകത്ത് ശ്രദ്ധേയമായിരിക്കുന്നത്. ഈ നഗരങ്ങളെ കാര്‍ബണ്‍ രഹിതമാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമായി അവലോകനം ചെയ്താണ് മര്‍കസ് നോളജ് സിറ്റിയിലും പദ്ധതിക്ക് ആരംഭമാകുന്നത്.

സൈക്കിളുകളും ഇലക്ട്രിക് ഓട്ടോയും ഓടിച്ചു നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി പദ്ധതിക്ക് തുടക്കം കുറിച്ചു. ഒരു സമ്പൂര്‍ണ്ണ പരിസ്ഥിതി നഗരത്തിലേക്ക് പരിവര്‍ത്തിപ്പിച്ചു ഭാരതത്തിലെതന്നെ വ്യത്യസ്തവും പ്രകൃതി സൗഹൃദ ഇടവുമാക്കി നോളജ് സിറ്റിയെ മാറ്റാനുള്ള പദ്ധതികള്‍ ആണ് നടപ്പിലാക്കുന്നത് എന്ന് മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. മര്‍കസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം, മര്‍കസ് ലോ കോളേജ് പ്രിന്‍സിപ്പല്‍ പൊഫ ജോണ്‍, യുനാനി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ ഇംദാദുല്ല, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി, അഡ്വ സമദ് പുലിക്കാട്, ഡോ. ഒകെഎം അബ്ദുറഹ്മാന്‍ , റഹീം ചാലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.