രാജിക്കായി ബിജെപി 30 കോടി വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി ജെഡിഎസ് എംഎല്‍എ

Posted on: February 10, 2019 9:17 pm | Last updated: February 11, 2019 at 11:00 am

കോലാര്‍: പാര്‍ട്ടിയില്‍നിന്നും രാജിവെക്കാന്‍ ബിജെപി 30 കോടിരൂപ വാഗ്ദാനം ചെയ്തതായി കര്‍ണാടകത്തിലെ ജെഡിഎസ് എംഎല്‍എ. ഇതില്‍ അഞ്ച് കോടി രൂപ മുന്‍കൂറായി കൈപ്പറ്റിയെന്നും കര്‍ണാടകയിലെ കോലാറില്‍നിന്നുള്ള എംഎല്‍എയായ കെ ശ്രീനിവാസ ഗൗഡ പറഞ്ഞു.

ബിജെപി നേതാക്കളായ സിഎന്‍ അശ്വത് നാരായണ്‍, എസ്ആര്‍ വിശ്വനാഥ്, സിപിവ യോഗേശ്വര എന്നിവര്‍ വീട്ടിലെത്തായാണ് പണം വാഗ്ദാനം ചെയ്തത്. അവിടെ വെച്ച് അഞ്ച് കോടി രൂപ നല്‍കുകയും ചെയ്തു. എന്നാല്‍ താന്‍ പാര്‍ട്ടിയോട് കൂറുള്ളവനാണെന്നും ഒരിക്കലും രാജിവെക്കില്ലെന്നും അവരോട് പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയോടും പറഞ്ഞപ്പോള്‍ കൈപ്പറ്റിയ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു.

ബിജെപി അധ്യക്ഷന്‍ ബിഎസ് യെഡിയൂരപ്പ 18 എംഎല്‍എമാര്‍ക്കായി 200 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.