വിടാതെ സബ് കലക്ടര്‍; എസ് രാജേന്ദ്രന്‍ എല്‍എല്‍എക്കെതിരെ രേണുരാജിന്റെ പരാതി

Posted on: February 10, 2019 12:00 pm | Last updated: February 10, 2019 at 2:54 pm

തൊടുപുഴ: അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് എസ് രാജേന്ദ്രന്‍ എല്‍എല്‍എക്കെതിരെ ദേവികുളം സബ് കലക്ടര്‍ രേണുരാജ് പരാതി നല്‍കി. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയേയും ജില്ലാ കലക്ടറേയും നേരിട്ട് ഫോണില്‍ വിലിച്ചാണ് സബ് കലക്ടര്‍ പരാതി അറിയിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതം വിശദമായി പരാതി നല്‍കുമെന്നാണ് അറിയുന്നത്. മൂന്നാര്‍ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മാണം തടയാനെത്തിയ റവന്യൂ സംഘത്തെ എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ തടഞ്ഞതിനെ തുടര്‍ന്നാണ് വിവാദമുണ്ടായത്. ഇതിനിടെയാണ് സബ് കലക്ടര്‍ രേണു രാജിനെതിരെ എസ്. രാജേന്ദ്രന്‍ എംഎല്‍എ പരസ്യമായി അധിക്ഷേപം നടത്തിയത്.

‘ ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിട്ടും. അവള് വന്നവള്‍ക്ക് ബുദ്ധിയില്ലെന്ന് പറഞ്ഞ്, ഒരു ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ ‘എസ് രാജേന്ദ്രന്‍ എംഎല്‍എ, കെട്ടിടം പണി തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരോട് ചോദിച്ചു. പഞ്ചായത്തിന്റെ ഭൂമിയില്‍ നിര്‍മ്മാണം നടത്തുന്നതിന് റവന്യു വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നും  എസ് രാജേന്ദ്രന്‍ പറഞ്ഞു.

നടപടിയെടുക്കാനെത്തിയ റവന്യുസംഘത്തെ തടഞ്ഞവര്‍ക്കെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് അറിയുന്നത്.