കലാലയങ്ങളുടെ മൗനം ഭീതിപ്പെടുത്തുന്നു: എസ് എസ് എഫ്

Posted on: February 10, 2019 11:57 am | Last updated: February 10, 2019 at 11:59 am
എപി മുഹമ്മദ് അശ്ഹര്‍

നീലഗിരി: രാജ്യത്തിന്റെ ഭരണഘടനപോലും കൃത്യമായ അജണ്ടയോടെ തിരുത്താന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ കലാലയങ്ങളുടെ മൗനം ഭീതിപ്പെടുത്തുന്നുവെന്ന് എസ്എസ്എഫ്. സംവരണ അട്ടിമറി, സ്വവര്‍ഗ ലൈംഗീകത, വിവാഹപൂര്‍വ ലൈംഗികത തുടങ്ങി തീര്‍ത്തും അരാചകത്വപരമായ വിഷയങ്ങളില്‍ ഭരണകൂടം നേരിട്ട് ഇടപെട്ടുകൊണ്ടിരിക്കുകയാണ്.

ഇത്തരം അവസരങ്ങളില്‍ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നുവരേണ്ട കലാലയങ്ങള്‍ നിഷ്‌ക്രിയമായി മൗനം പാലിക്കുന്നത് മതേതര ജനതയെ ഭീതിപ്പെടുത്തുന്നുണ്ടെന്ന് എസ്എസ് എഫ് ദേശീയ പ്രൊഫ്സമ്മിറ്റ് പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു.

പ്രൊഫ്‌സമ്മിറ്റ് സമ്മേളനത്തിന്റെ പ്രധാന വേദിയിലെ സദസ്സ്‌

ചരിത്രത്തിലെ സര്‍ഗാത്മകമായ സമരങ്ങളും വിപ്ലവകരമായ നിലപാടുകളും തീവ്രമായ പ്രതികരണങ്ങളും നടത്തിയ കാമ്പസിന്റെ തെരുവുകളില്‍ നിന്നും ചിന്തകളും ആലോചനകളും നഷ്ടപ്പെട്ടുപോകുന്നത് ഏറെ ഭയപ്പാടോടെ വേണം കാണാന്‍.

മതത്തിന്റെ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹ്യപ്രതിബന്ധതയുമുള്ള വിദ്യാര്‍ത്ഥിസമൂഹത്തെ കാമ്പസിനകത്ത് രൂപപ്പെടുത്തിവെക്കേണ്ടതിന്റെ ആവശ്യകതയാണ് ഇതിലൂടെ ബോധ്യപ്പെടുന്നത്. അത്തരമൊരു ദൗത്യനിര്‍വഹണമാണ് പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുടെ ഒത്തുചേരലിലൂടെ എസ്എസ്എഫ് ലക്ഷ്യം വെക്കുന്നതെന്ന് പ്രമേയത്തില്‍ പറഞ്ഞു.

മൂന്ന് ദിനങ്ങളിലായി നടക്കുന്ന പ്രൊഫ്സമ്മിറ്റില്‍ രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് നീലഗിരിയിലെത്തിയത്. സമ്മേളനം ഇന്ന് സമാപിക്കും.