ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ കരുത്ത് തെളിയിക്കാനൊരുങ്ങി ഐ എന്‍ എല്‍

Posted on: February 10, 2019 9:14 am | Last updated: February 10, 2019 at 12:01 pm

കണ്ണൂര്‍: മുന്നണി പ്രവേശം സാധ്യമായതോടെ ചെറുകിട ന്യൂനപക്ഷ പാര്‍ട്ടികളെയും നേതാക്കളെയും പാര്‍ട്ടിയോട് അടുപ്പിച്ച് സംസ്ഥാന ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ പുതിയ ശക്തിയായി ഉയര്‍ന്നുവരാനുള്ള ഐ എന്‍ എല്ലിന്റെ ശ്രമങ്ങള്‍ കരുത്താര്‍ജിക്കുന്നു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ പി ടി എ റഹീം എം എല്‍ എയുടെ നേതൃത്വത്തിലുള്ള നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് (എന്‍ എസ് സി) ഇന്ത്യന്‍ നാഷനല്‍ ലീഗില്‍ ലയിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായി. കഴിഞ്ഞ ഒരു മാസത്തിനിടെ ഇരു പാര്‍ട്ടി നേതാക്കള്‍ തമ്മില്‍ നടന്ന നിരന്തര ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഇന്നലെയോടെയാണ് വ്യക്തത വന്നത്.

നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സിലെ നേതാക്കള്‍ക്ക് നല്‍കേണ്ട സ്ഥാനങ്ങള്‍ സംബന്ധിച്ച് വരെ തീരുമാനത്തിലെത്തി. അടുത്ത ബുധനാഴ്ച കോഴിക്കോട് വാര്‍ത്താസമ്മേളനം വിളിച്ച് ലയനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഇരു പാര്‍ട്ടിയിലെയും നേതാക്കള്‍ തമ്മിലുണ്ടായ ധാരണ പ്രകാരം നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സിന് മൂന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ഭാരവാഹിത്വവും മൂന്ന് സംസ്ഥാന ഭാരവാഹിത്വവും നല്‍കും. ഇത് ആരെല്ലാമെന്ന് നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് നേതൃത്വം പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. വലിയ തോതിലുള്ള പ്രവര്‍ത്തക പങ്കാളിത്വത്തോടെ, എല്‍ ഡി എഫ് നേതാക്കളുടെ സാന്നിധ്യത്തില്‍ മാര്‍ച്ച് ആദ്യവാരം കോഴിക്കോട് ലയന സമ്മേളനം നടക്കും.
എല്‍ ഡി എഫ് പ്രവേശനം സാധ്യമായ ഉടന്‍ നേരത്തെ പാര്‍ട്ടിവിട്ടവരെയും മറ്റ് ന്യൂനപക്ഷ പാര്‍ട്ടികളിലെ നേതാക്കളെയും ഒപ്പം ചേര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഐ എന്‍ എല്‍ തുടങ്ങിയിരുന്നു. നേരത്തെ പാര്‍ട്ടിവിട്ട പ്രാദേശിക നേതാക്കളില്‍ ഏറെപേര്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടങ്ങിയതോടെ പാര്‍ട്ടിയില്‍ തിരിച്ചെത്തി കഴിഞ്ഞു. അടുത്തിടെ മുസ്‌ലിം ലീഗിലേക്ക് പോയ ചില നേതാക്കളെയും പി ഡി പിയില്‍ നിന്നും മറ്റും ചിലരെയും പാര്‍ട്ടിയിലെത്തിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് റഹീമിനെയും കൂട്ടരെയും ഐ എന്‍ എല്ലില്‍ എത്തിച്ചിരിക്കുന്നത്.

ഇരുപാര്‍ട്ടികളും തമ്മിലുള്ള ലയനത്തോടെ ഐ എന്‍ എല്ലിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താനാകുമെന്നാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. കൊടുവള്ളി, കുന്ദമംഗലം, തിരുവമ്പാടി മണ്ഡലങ്ങള്‍ക്ക് പുറമെ തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലുമെല്ലാം നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സിന്റെ സംഘടനാ പ്രവര്‍ത്തനമുണ്ട്. റഹീമിന് പിന്നാലെ മറ്റ് ഇടത് സ്വതന്ത്ര എം എല്‍ എമാരായും പാര്‍ട്ടിയിലെത്തിക്കാനുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പലരുമായും പ്രാഥമിക ചര്‍ച്ചകളും നടന്നു കഴിഞ്ഞു.

ചെറു ന്യൂനപക്ഷ പാര്‍ട്ടികളെയും നേതാക്കളെയും ഒപ്പം നിര്‍ത്തി അടിത്തറ വര്‍ധിപ്പിക്കുന്നതിന് ഐ എന്‍ എല്ലിന് എല്‍ ഡി എഫിലെ പ്രബല കക്ഷിയായ സി പി എമ്മിന്റെ ഉറച്ച പിന്തുണയുണ്ട്. നേരത്തെ മുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ച നടക്കുമ്പോള്‍ തന്നെ ഇത്തരം ഗ്രൂപ്പുകളെയെല്ലാം ഒരുമിപ്പിക്കാന്‍ ഐ എന്‍ എല്ലിനോട് എല്‍ ഡി എഫ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

കൂടുതല്‍ ന്യൂനപക്ഷ സംഘടനകളും സമ്മര്‍ദ ഗ്രൂപ്പുകളും ഒരു കുടക്കീഴില്‍ അണിനിരന്ന് ഇടത് മതേതര രാഷ്ട്രീയത്തോടൊപ്പം നിന്നാല്‍ മലബാറില്‍ തിരഞ്ഞെടുപ്പില്‍ വലിയ ഗുണം ചെയ്യുമെന്ന് സി പി എം കണക്ക് കൂട്ടുന്നു. ലീഗിന്റെ കോട്ടകളിലേക്ക് കടന്നുകയറാന്‍ ന്യൂനപക്ഷ വോട്ടുകളുടെ ഇത്തരത്തിലുള്ള കേന്ദ്രീകരണം സാധ്യമാകുമെന്നാണ് സി പി എം വിലയിരുത്തല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കൂടുതല്‍ ന്യൂനപക്ഷ നേതാക്കളും പാര്‍ട്ടികളും ഐ എന്‍ എല്ലിന് ഒപ്പമെത്തുമെന്ന് നേതാക്കള്‍ അവകാശപ്പെടുന്നു.