കന്യാസ്ത്രീകളുടെ സമ്മേളനത്തിനിടെ സംഘര്‍ഷം; ഫ്രാങ്കോക്കെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് മഠത്തില്‍ തുടരാം

Posted on: February 9, 2019 5:31 pm | Last updated: February 9, 2019 at 5:31 pm
ഫയൽ

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കന്യാസ്ത്രീകളുടെ കൂട്ടായ്മ നടത്തിയ സമ്മേളത്തിനിടെ നേരിയ സംഘര്‍ഷം. കോട്ടയം പഴയ ബസ്റ്റാന്‍ഡ് പരിസരത്ത് നടന്ന സമ്മേളനത്തിലേക്ക് ഒരു സംഘം തള്ളിക്കയറി. തുടര്‍ന്ന് കന്യാസ്ത്രീകളും സംഘവും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും പ്രശ്‌നം രൂക്ഷമായതോടെ പോലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കുകയും ചെയ്തു.

ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കന്യാസ്ത്രീകളുടെ സമ്മേളനത്തിലേക്ക് പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം, ബിഷപിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് കുറുവിലങ്ങാട് മഠത്തില്‍ തുടരാന്‍ അനുമതി ലഭിച്ചതായി സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ പറഞ്ഞു. കേസ് തീരുന്നത് വരെ മഠത്തില്‍ തുടരാനാണ് ഇവര്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. സത്യത്തിന് വേണ്ടി മരണം വരെ നിലകൊള്ളുമെന്നും പ്രലോഭനങ്ങളില്‍ വീഴില്ലെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.