മുറുകുകയാണ് റാഫേല്‍ കുരുക്ക്

Posted on: February 9, 2019 10:26 am | Last updated: February 9, 2019 at 10:26 am

റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അനധികൃതമായി ഇടപെട്ടിരുന്നുവെന്ന ആരോപണത്തെ ശരിവെക്കുന്നതാണ് കഴിഞ്ഞ ദിവസം ‘ദി ഹിന്ദു’ ദിനപത്രം പുറത്തുവിട്ട പ്രതിരോധ സെക്രട്ടറി ജി മോഹന്‍ കുമാറിന്റെ കുറിപ്പ്. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ചകള്‍ നടത്തിയത് പ്രതിരോധ മന്ത്രാലയവും ഇന്ത്യയുടെ വിലപേശല്‍ സംഘവും നടത്തിയ ശ്രമങ്ങളെ ബാധിച്ചുവെന്നും ഇത് രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി 2015 നവംബര്‍ 24ന് പ്രതിരോധവകുപ്പ് അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിനയച്ച ഫയല്‍ നോട്ടാണ് പത്രം കഴിഞ്ഞ ദിവസം പുറത്തുകൊണ്ടു വന്നത്.

ഫ്രഞ്ച് സര്‍ക്കാറുമായുള്ള സമാന്തര ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യന്‍ ചര്‍ച്ചാ സംഘത്തിന്റെ ഭാഗമല്ലാത്തവര്‍ ഒഴിഞ്ഞു നില്‍ക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെ ധരിപ്പിക്കേണ്ടതുണ്ടെന്നും ഫയല്‍ നോട്ടില്‍ പറയുന്നു. പി എം ഒയുടെ ഇടപെടലിനോടുള്ള മുന്‍ പ്രതിരോധ സെക്രട്ടറിയുടെ ഈ വിയോജിപ്പ് എയര്‍ സ്റ്റാഫിലെ ഡെപ്യൂട്ടി സെക്രട്ടറി എസ് കെ ശര്‍മ 2015 നവംബര്‍ 24ന് രേഖപ്പെടുത്തുകയും പ്രതിരോധ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയും അക്വിസിഷന്‍ മാനേജറും (എയര്‍) ഡയറക്ടര്‍ ജനറലും (അക്വിസിഷന്‍) സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കുറിപ്പ് നല്‍കിയ കാര്യം മോഹന്‍ കുമാര്‍ സമ്മതിക്കുകയും ചെയ്യുന്നു. അത് നല്‍കിയ സാഹചര്യമേതെന്ന് ഇപ്പോള്‍ ഓര്‍ക്കുന്നില്ലെന്ന് പറഞ്ഞ് അതിന്റെ വിശദാംശങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുന്നുവെന്ന് മാത്രം. ഇതിന് പുറമെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇത് സംബന്ധിച്ച് 2016 ജനുവരിയില്‍ പാരീസില്‍ വെച്ച് ചര്‍ച്ചകള്‍ നടത്തിയ വിവരം നേരത്തേ പുറത്തുവന്നതാണ്.

റാഫേല്‍ ഇടപാടില്‍ പ്രതിരോധ മന്ത്രാലയം നിയോഗിച്ച സംഘം നടത്തിവന്ന ചര്‍ച്ചകള്‍ക്ക് സമാന്തരമായി പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച നടത്തുന്ന വിവരം, 2015 ഒക്‌ടോബര്‍ 23ന് ഫ്രഞ്ച് ചര്‍ച്ചാ സംഘത്തെ നയിച്ചിരുന്ന ജനറല്‍ സ്റ്റീഫന്‍ റെബ് അയച്ച കത്തില്‍ നിന്നാണ് പ്രതിരോധ മന്ത്രാലയം അറിയുന്നതെന്നും ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ‘പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറി ജാവേദ് അശ്‌റഫും ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ പ്രതിരോധ ഉപദേഷ്ടാവ് ലൂയിസ് വാസിയുമായി സംസാരിച്ച കാര്യങ്ങള്‍ അറിയാമല്ലോ’ എന്നായിരുന്നു സ്റ്റീഫന്‍ റെബ് പ്രതിരോധ മന്ത്രാലയത്തിന് നല്‍കിയ കത്തിലുണ്ടായിരുന്നത്.

ഇന്നലെ പാര്‍ലിമെന്റില്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടിയ പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പുറത്തു വിട്ട മന്ത്രി പരീക്കറുടെ കത്ത് ഈ ആരോപണത്തെ നിഷേധിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. മുന്‍ പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പിന് പരീക്കര്‍ നല്‍കിയ മറുപടിയില്‍ പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെട്ടതായി സമ്മതിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ധനമന്ത്രാലയത്തിന് എന്തെങ്കിലും സന്ദേഹങ്ങളുണ്ടെങ്കില്‍ പ്രധാനമന്ത്രിയുടെ സെക്രട്ടറിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നാണ് പരീക്കര്‍ കത്തില്‍ പറയുന്നത്. എങ്കില്‍ പ്രതിരോധ മന്ത്രാലയവും ഇന്ത്യയുടെ വിലപേശല്‍ സംഘവും നടത്തിയ ചര്‍ച്ചകള്‍ക്ക് പുറമെ അവരെയൊക്കെ പുറത്തുനിര്‍ത്തിക്കൊണ്ട് പി എം ഒ സ്വന്തമായി ചര്‍ച്ച നടത്തിയതിന്റെ താത്പര്യമെന്തായിരുന്നുവെന്ന ചോദ്യം പിന്നെയും അവശേഷിക്കുന്നു.

റാഫേല്‍ ഇടപാടില്‍ മോദി സര്‍ക്കാറിന്റെ നിലപാട് സുതാര്യവും തീര്‍ത്തും ശരിയുമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നുണ്ട്. പിന്നെ എന്തുകൊണ്ടാണ് ഫ്രഞ്ച് കമ്പനിയുമായുണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്താന്‍ വിമുഖത കാണിക്കുന്നത്? അത് രാജ്യസുരക്ഷയെ ബാധിക്കുമെന്നാണെങ്കില്‍ യുദ്ധവിമാനത്തിന്റെ വില വെളിപ്പെടുത്തുന്നതില്‍ എന്താണ് പന്തികേട്? സുപ്രീം കോടതിയില്‍ പോലും അത് പരസ്യമായി വെളിപ്പെടുത്താനാകില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അവസാനം കോടതിയുടെ നിര്‍ബന്ധം മൂലം വിമാനങ്ങളുടെ വിലയും സാങ്കേതിക വിശദാശംങ്ങളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ വെളിപ്പെടുത്തരുതെന്ന ഉപാധിയോടെയാണ് സര്‍ക്കാര്‍ ജൂഡീഷ്യറിക്ക് കൈമാറിയത്. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കും കോടതിക്കും മുമ്പാകെ പ്രധാനമന്ത്രി എന്തൊക്കെയോ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നുവെന്ന് വ്യക്തം. ഹിന്ദുവിന്റെ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ പി എം ഒ റാഫേലുമായി സ്വകാര്യ ചര്‍ച്ചനടത്തിയിരുന്നുവെന്ന് സമ്മതിച്ച സര്‍ക്കാര്‍, 2018 ഒക്‌ടോബറില്‍ സുപ്രീം കോടതിയില്‍ നല്‍കിയ സബ്മിഷനില്‍ അക്കാര്യം മറച്ചുവെക്കുകയായിരുന്നു. വ്യോമയാന ഡെപ്യൂട്ടി ചീഫ് അടക്കം ഏഴ് പേരടങ്ങിയ സംഘമാണ് വിലപേശല്‍ നടത്തിയതെന്നാണ് സബ്മിഷനില്‍ പറയുന്നത്. പി എം ഒ ഇടപെട്ടതിനെക്കുറിച്ച് സൂചിപ്പിച്ചിട്ടേയില്ല.

പ്രതിപക്ഷം ആരോപിക്കുന്ന പോലെ മുകേഷ് അംബാനിക്ക് വേണ്ടിയായിരുന്നോ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ ? അല്ലെങ്കിലെന്തിന് ഈ ഒളിച്ചോട്ടം? റാഫേല്‍ കരാര്‍ കാര്യത്തില്‍ റിലയന്‍സ് ഗ്രൂപ്പിനെ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചത് മോദിയാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് വെളിപ്പെടുത്തിയതുമാണ്. യു പി എ സര്‍ക്കാര്‍ ഒപ്പുവെച്ച കരാര്‍ അട്ടിമറിച്ച് പുതിയ കരാര്‍ രൂപപ്പെടുത്തിയതിന് പിന്നില്‍ അഴിമതിയുണ്ടെന്ന വാദത്തെ ബലപ്പെടുത്തുന്നതാണ് ഇതുസംബന്ധിച്ചു പുറത്തുവരുന്ന വിവരങ്ങളോരോന്നും. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം അനിവാര്യമാണ്.