യു പി ബജറ്റില്‍ ‘കാലികള്‍ക്ക്’ 647 കോടി

Posted on: February 8, 2019 9:53 am | Last updated: February 8, 2019 at 9:53 am

ലക്‌നോ: ഉത്തര്‍ പ്രദേശില്‍ ഗോശാലകള്‍ക്കായി ആദിത്യനാഥ് സര്‍ക്കാര്‍ നീക്കിവെച്ചത് 647 കോടി രൂപ. നിയമസഭയില്‍ ഇന്നലെ അവതരിപ്പിച്ച സര്‍ക്കാറിന്റെ മൂന്നാം ബജറ്റിലാണ് ഈ പ്രഖ്യാപനം. ധനമന്ത്രി രാജേഷ് അഗര്‍വാള്‍ അവതരിപ്പിച്ച ബജറ്റില്‍ അയോധ്യയുടെ വികസനത്തിനും 200 കോടിയിലേറെ രൂപ നീക്കിവെച്ചു.

രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ഗോശാലകള്‍ക്ക് വേണ്ടി ഇത്രയധികം തുക ബജറ്റില്‍ വകയിരുത്തുന്നത്. 247.60 കോടി രൂപ ഗോശാലകളുടെ നിര്‍മാണത്തിനും പരിപാലനത്തിനും മാത്രമായി വകയിരുത്തിയപ്പോള്‍, നഗരമേഖലയില്‍ കന്‍ഹ ഗോശാല, പശുസംരക്ഷണ പദ്ധതികള്‍ക്കായി 200 കോടി രൂപയും നീക്കിവെച്ചു.

സംസ്ഥാനം ക്രമസമാധാന നിലയില്‍ കാര്യമായ പുരോഗതിയുണ്ടാക്കിയെന്ന് വിലയിരുത്തുന്ന ബജറ്റ്, സ്ത്രീകള്‍ക്ക് ധൈര്യമായി പുറത്തിറങ്ങി നടക്കാനാകുമെന്ന് അവകാശപ്പെടുന്നു. എന്നാല്‍, ബജറ്റ് പ്രസംഗം ജനങ്ങളോടുള്ള വഞ്ചനയാണെന്ന് സമാജ്‌വാദി പാര്‍ട്ടി മേധാവിയും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.