Connect with us

Kerala

ഹിന്ദ് സഫറിന് പ്രൗഢോജ്ജ്വല സമാപനം

Published

|

Last Updated

കോഴിക്കോട്: അക്ഷര വിപ്ലവത്തിന്റെ ധര്‍മജ്വാല പടര്‍ത്തി എസ് എസ് എഫ് ഹിന്ദ് സഫറിന് കോഴിക്കോട്ട് ഉജ്ജ്വല സമാപനം. സാക്ഷര സൗഹൃദ ഇന്ത്യ എന്ന പ്രമേയത്തില്‍ സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ദേശീയ അധ്യക്ഷന്‍ ശൗകത്ത് നഈമി അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ 22 സംസ്ഥാനങ്ങളിലെ 40 ഓളം കേന്ദ്രങ്ങളിലെ ആവേശോജ്ജ്വല വരവേല്‍പ്പുകള്‍ക്ക് ശേഷമാണ് ഇന്നലെ യാത്ര സമാപിച്ചത്.
27 ദിവസം മുമ്പ് പ്രസിദ്ധമായ ഹസ്രത്ത് ബാല്‍ മസ്ജിദില്‍ നിന്നാരംഭിച്ച യാത്ര ഇന്നലെ ചരിത്രമുറങ്ങുന്ന കോഴിക്കോട്ടെ അറബിക്കടലോരത്ത് സമാപിച്ചപ്പോള്‍ സാക്ഷിയാകാനെത്തിയത് കണ്ണെത്താ ദൂരത്ത് നിറഞ്ഞുനിന്ന സുന്നി വിദ്യാര്‍ഥിപ്പടയണിയാണ്.
ഈ മാസം 23, 24 തീയതികളില്‍ ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടക്കുന്ന എസ് എസ് എഫ് ദേശീയ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിക്കപ്പെട്ട യാത്ര വിവിധ സംസ്ഥാനങ്ങളിലെ ദരിദ്ര ഗ്രാമങ്ങള്‍ക്കുള്ളിലെ വിശേഷങ്ങളറിഞ്ഞും അവിടെ നടപ്പാക്കേണ്ട വിപ്ലവങ്ങളുടെ പട്ടിക ശരിപ്പെടുത്തിയുമാണ് കടന്നുവന്നത്.

പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ക്ക് നിറം പകരണമെന്നും ഇന്ത്യയുടെ ബഹുസ്വരതയും സഹിഷ്ണുതയും നിലനിര്‍ത്തണമെന്നും ആഹ്വാനം ചെയ്ത യാത്രക്ക് വിവിധ സംസ്ഥാനങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളില്‍ ലഭിച്ച സ്വീകാര്യത സുന്നി പ്രസ്ഥാനത്തിന്റെ ദേശീയ തലത്തിലുള്ള അടിവേര് വിളംബരപ്പെടുത്തുന്നത് കൂടിയായി.

ഇന്നലെ രാവിലെ കേരള അതിര്‍ത്തിയായ വഴിക്കടവില്‍ നിന്ന് 100 കാറുകളുടെ അകമ്പടിയോടെയാണ് എസ് എസ് എഫിന്റെ കേരള സംസ്ഥാന നേതാക്കള്‍ യാത്രയെ സ്വീകരിച്ചത്. എടക്കര, നിലമ്പൂര്‍, മഞ്ചേരി, കൊണ്ടോട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകുന്നേരം നാലിന് കോഴിക്കോട് മുതലക്കുളത്തെത്തിയ യാത്രാ സംഘത്തിനൊപ്പം റവല്യൂഷണറി ഗാര്‍ഡ് അംഗങ്ങളും പങ്കുചേര്‍ന്നു. തുടര്‍ന്ന് അഞ്ചോടെ കടപ്പുറത്തെ സമാപന സമ്മേളന വേദിയിലേക്കെത്തിയ സംഘത്തെ സുന്നി നേതാക്കളും പ്രവര്‍ത്തകരുമടങ്ങുന്ന ആയിരങ്ങള്‍ വേദിയിലേക്കാനയിച്ചു.
സമാപന സമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി.

ജാഥാ നായകന്‍ ശൗകത്ത് നഈമി, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ്, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി. ഉപാധ്യക്ഷന്മാരായ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, ഡോ. എ പി അബ്ദുല്‍ ഹഖീം അസ്ഹരി, എസ് ജെ എം സംസ്ഥാന പ്രസിഡന്റ് അബൂഹനീഫല്‍ ഫൈസി തെന്നല, കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, എസ് എസ് എഫ് ദേശീയ ഉപാധ്യക്ഷന്മാരായ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കേരള, സാലിഖ് അഹ്മദ് ലത്വീഫി അസം, നൗഷാദ് ആലം മിസ്ബാഹി ബിഹാര്‍, ദേശീയ കാമ്പസ് സെക്രട്ടറി സയ്യിദ് സാജിദ് കശ്മീര്‍, എസ് എസ് എഫ് ഗുജറാത്ത് സംസ്ഥാന പ്രസിഡന്റ് അക്‌റം അബ്ദുല്‍ ഗനി, മണിപ്പൂര്‍ സംസ്ഥാന പ്രസിഡന്റ് സല്‍മാന്‍ ഖുര്‍ഷിദ്, സംസ്ഥാന പ്രസിഡന്റ് സി കെ റാശിദ് ബുഖാരി സംസാരിച്ചു. ജനറല്‍ സെക്രട്ടറി എ പി മുഹമ്മദ് അശ്ഹര്‍ സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest