കൗമാരക്കാരിയെ പിതാവിനു മുന്നിലിട്ട് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി

Posted on: February 7, 2019 10:27 pm | Last updated: February 8, 2019 at 10:40 am

പാട്‌ന: കൗമാരക്കാരിയെ പിതാവിന്റെ മുന്നിലിട്ട് ആറംഗ സംഘം കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ബിഹാറില്‍ കിഷന്‍ചന്ദ് ജില്ലയിലെ കൊദ്ദോവാഡി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ഗ്രാമപ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. നാട്ടുകാരായ ആറു യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ചുള്ള പെണ്‍കുട്ടിയുടെ പരാതി ലഭിച്ചതായി പോലീസുദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച അര്‍ധരാത്രി വീടിനു മുമ്പിലെത്തി വെള്ളം ആവശ്യപ്പെട്ട യുവാക്കള്‍ അകത്തേക്കു അതിക്രമിച്ചു കടക്കുകയും തന്നെ പുറത്തേക്കു വലിച്ചിഴക്കുകയും ചെയ്തു. തുടര്‍ന്ന് വീടിനു സമീപത്തെ തരിശു നിലത്തെത്തിക്കുകയും പിതാവിന്റെ മുമ്പിലിട്ട് ബലാത്സഗം ചെയ്യുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പിതാവിനെ മരത്തില്‍ കെട്ടിയിട്ട ശേഷമായിരുന്നു കൃത്യം നടത്തിയത്. പോലീസില്‍ പരാതിപ്പെടരുതെന്ന് തങ്ങളെ ഭീഷണിപ്പെടുത്തിയതായും പറയുന്നു.

പ്രതികള്‍ക്കെതിരെ കേസെടുത്തതായി കിഷന്‍ഗഞ്ച് പോലീസ് സൂപ്രണ്ട് കുമാര്‍ ആശിഷ് അറിയിച്ചു. ഒളിവില്‍ പോയ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.