National
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ വ്യോമസേനാ മേധാവി
നിലവില്‍ വ്യോമസേനയുടെ വൈസ് ചീഫ് ഓഫ് എയര്‍ സ്റ്റാഫ് ആയ ദീക്ഷിത് ഇന്ത്യന്‍ വ്യോമസേനയുടെ 29-ാമത് മേധാവിയായാണ് ചുമതലയേല്‍ക്കുക.
ന്യൂഡല്‍ഹി | ഫൈറ്റര്‍ പൈലറ്റ് എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ വ്യോമസേനാ മേധാവി. നിലവില്‍ വ്യോമസേനയുടെ വൈസ് ചീഫ് ഓഫ് എയര്‍ സ്റ്റാഫ് ആയ ദീക്ഷിത് ഇന്ത്യന്‍ വ്യോമസേനയുടെ 29-ാമത് മേധാവിയായാണ് ചുമതലയേല്‍ക്കുക. ഈമാസം 31-ന് വിരമിക്കുന്ന എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിംഗിന് പകരമായാണ് ദീക്ഷിത് ചുമതലയേല്‍ക്കുന്നത്.
3,500 മണിക്കൂറിലധികം നേരം പോര്‍വിമാനം പറത്തിയ പരിചയസമ്പന്നനായ ഫൈറ്റര്‍ പൈലറ്റാണ് ദീക്ഷിത്. 1966 ഡിസംബര്‍ ഒമ്പതിന് ജനിച്ച അദ്ദേഹം 1986 ഡിസംബര്‍ ആറിനാണ് ഇന്ത്യന്‍ വ്യോമസേനയുടെ ഫൈറ്റര്‍ വിഭാഗത്തില്‍ കമ്മീഷന്‍ ചെയ്യപ്പെട്ടത്. അന്നുമുതല്‍, പ്രവര്‍ത്തനപരമായ ചുമതലകള്‍, പരിശീലന ചുമതലകള്‍, മുതിര്‍ന്ന കമാന്‍ഡ് പദവികള്‍ തുടങ്ങി വിവിധങ്ങളായ ഉത്തരവാദിത്തങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. മിറാഷ്-2000, മിഗ് (MiG) ശ്രേണിയിലുള്ള വിമാനങ്ങള്‍, ജാഗ്വാര്‍, കിരണ്‍, ഐ എല്‍-78, ഹോക്ക്, തേജസ് എന്നിവയുള്‍പ്പെടെ നിരവധി തരം വിമാനങ്ങള്‍ അദ്ദേഹം പറത്തിയിട്ടുണ്ട്.
ഒരു ‘എക്‌സ്പിരിമെന്റല്‍ ടെസ്റ്റ് പൈലറ്റും’ (പരീക്ഷണാടിസ്ഥാനത്തിലുള്ള പൈലറ്റ്) ‘ഫ്‌ളയിംഗ് ഇന്‍സ്ട്രക്ടറും’ (വിമാന പരിശീലകന്‍) കൂടിയാണ് അശുതോഷ് ദീക്ഷിത്. ‘ഓപറേഷന്‍ സേറ്റഡ് സാഗര്‍’, ‘ഓപറേഷന്‍ രക്ഷക്’, ‘ഓപറേഷന്‍ സിന്ദൂര്‍’ തുടങ്ങി നിരവധി പ്രധാന സൈനിക ദൗത്യങ്ങളിലും അഭ്യാസപ്രകടനങ്ങളിലും അദ്ദേഹം പങ്കാളിയായിട്ടുണ്ട്. എയര്‍ സ്റ്റാഫ് വൈസ് ചീഫ് ആകുന്നതിന് മുമ്പ്, ‘ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫി’ല്‍ ‘ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി’ ചെയര്‍മാന്റെ കീഴിലുള്ള ‘ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ്’ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിന് മുമ്പ്, ഇന്ത്യന്‍ വ്യോമസേനയുടെ (IAF) പ്രധാനപ്പെട്ട പ്രവര്‍ത്തന കമാന്‍ഡുകളിലൊന്നായ ‘സെന്‍ട്രല്‍ എയര്‍ കമാന്‍ഡി’ന്റെ ‘എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ്’ ആയും പ്രവര്‍ത്തിച്ചു. വിവിധ പദവികളിലിരുന്ന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഇന്ത്യന്‍ വ്യോമസേനയുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി.
നിരവധി സൈനിക ബഹുമതികള്‍ ദീക്ഷിതിന് ലഭിച്ചിട്ടുണ്ട്. 2006-ല്‍ വായു സേനാ മെഡല്‍, 2011-ല്‍ വിശിഷ്ട സേവാ മെഡല്‍, 2023-ല്‍ അതി വിശിഷ്ട സേവാ മെഡല്‍, 2026-ല്‍ പരമ വിശിഷ്ട സേവാ മെഡല്‍ എന്നിവ അദ്ദേഹത്തെ തേടിയെത്തി. മികച്ച സേവനത്തിനുള്ള ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതികളിലൊന്നാണ് പരമ വിശിഷ്ട സേവാ മെഡല്‍. നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജ്, നാഷണല്‍ ഡിഫന്‍സ് കോളജ് എന്നിവിടങ്ങളിലെ പൂര്‍ഴ വിദ്യാര്‍ത്ഥിയാണ് എയര്‍ മാര്‍ഷല്‍ ദീക്ഷിത്.
Content Highlights:
Air Marshal Ashutosh Dixit has been appointed as the new Chief of the Indian Air Force. He takes over command to lead India’s aerial defense force with extensive military experience. The appointment marks a key transition in top leadership for the nation’s defense sector.


