International
ഭൗതികശാസ്ത്ര നോബൽ പ്രഖ്യാപിച്ചു: ന്യൂട്രിനോ കണ്ടെത്തലിലൂടെ ഫ്രാൻസിസ് ഹാൾസെന് ചരിത്ര നേട്ടം
ഫ്രാൻസിസ് ഹാൾസെന്റെ നേതൃത്വത്തിൽ ഗവേഷകരുടെയും എഞ്ചിനീയർമാരുടെയും അന്താരാഷ്ട്ര സംഘമാണ് ഈ കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ചത്.
സ്റ്റോക്ക്ഹോം | 2026-ലെ ഭൗതികശാസ്ത്ര നോബൽ സമ്മാനം (Nobel Prize in Physics) പ്രഖ്യാപിച്ചു. ഐസ് ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയിലെ മികച്ച സംഭാവനകൾക്കും ആസ്ട്രോഫിസിക്കൽ ഉത്ഭവമുള്ള ഉയർന്ന ഊർജ്ജ ന്യൂട്രിനോകളുടെ കണ്ടെത്തലിനും ഫ്രാൻസിസ് ഹാൾസെൻ (Francis Halzen) പുരസ്കാരത്തിന് അർഹനായി. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ആണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ബെൽജിയത്തിൽ ജനിച്ച 82 കാരനായ ഈ ശാസ്ത്രജ്ഞൻ നിലവിൽ യു എസ് എ യിലെ യൂണിവേഴ്സിറ്റി ഓഫ് വിസ്കോൺസിൻ മാഡിസണുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണ്. തെക്കൻ ധ്രുവത്തിൽ ന്യൂട്രിനോകളെ കണ്ടെത്താനുള്ള ഹാൾസെന്റെ ഗവേഷണങ്ങൾക്ക് 1980 കളിലാണ് തുടക്കമായത്.
ഫ്രാൻസിസ് ഹാൾസെന്റെ നേതൃത്വത്തിൽ ഗവേഷകരുടെയും എഞ്ചിനീയർമാരുടെയും അന്താരാഷ്ട്ര സംഘമാണ് ഈ കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ചത്. അദ്ദേഹത്തിന്റെ ശാസ്ത്രീയ വീക്ഷണവും നിശ്ചയദാർഢ്യവുമാണ് പുതിയ തരം ജ്യോതിശാസ്ത്രത്തിന് വഴിയൊരുക്കിയതെന്ന് നോബൽ കമ്മിറ്റി ഫോർ ഫിസിക്സ് ചെയർമാൻ മാർക്ക് പിയേഴ്സ് പറഞ്ഞു.
12 ദശലക്ഷം സ്വീഡിഷ് ക്രോണറാണ് (ഏകദേശം 1.2 ദശലക്ഷം യു എസ് ഡോളർ) ഈ വർഷത്തെ പുരസ്കാര തുക. വ്യക്തികൾക്കോ ചെറിയ ഗ്രൂപ്പുകൾക്കോ സംഘടനകൾക്കോ ആണ് ഈ തുക ലഭിക്കുക. കഴിഞ്ഞ വർഷം എം ആർ ഐ യന്ത്രങ്ങളുടെ അതിസൂക്ഷ്മ അളവുകൾക്കും വേഗതയേറിയ കമ്പ്യൂട്ടറുകൾക്കും വഴിതുറന്ന ക്വാണ്ടം ടണലിംഗ് ഗവേഷണത്തിനായിരുന്നു ഭൗതികശാസ്ത്ര നോബൽ നൽകിയിരുന്നത്.
മെഡിസിൻ നോബൽ പ്രഖ്യാപനത്തോടെയാണ് ഈ വർഷത്തെ പുരസ്കാര സീസണിന് തുടക്കമായത്. ബുധനാഴ്ച രസതന്ത്രം, വ്യാഴാഴ്ച സാഹിത്യം, വെള്ളിയാഴ്ച സമാധാനം, തിങ്കളാഴ്ച സാമ്പത്തിക ശാസ്ത്രം എന്നീ വിഭാഗങ്ങളിലെ നോബൽ സമ്മാനങ്ങൾ പ്രഖ്യാപിക്കും.
Content Highlights
Francis Halzen was awarded the 2026 Nobel Prize in Physics for discovering high-energy astrophysical neutrinos and leading the IceCube Neutrino Observatory team. The prize includes 12 million Swedish kronor.



