ശബരിമല: സുപ്രീം കോടതിയില്‍ നിലപാട് മാറ്റിയിട്ടില്ലെന്ന് ദേവസ്വം കമ്മീഷണര്‍

Posted on: February 7, 2019 4:47 pm | Last updated: February 7, 2019 at 8:22 pm

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിലപാട് മാറ്റിയിട്ടില്ലെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു. ബോര്‍ഡിന്റെ നിലപാടു തന്നെയാണ് കോടതിയില്‍ അറിയിച്ചത്.

സുപ്രീം കോടതി വിധി വന്ന സാഹചര്യത്തില്‍ അത് അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ബോര്‍ഡിനു ബാധ്യതയുണ്ട്. യുവതീ പ്രവേശനം സംബന്ധിച്ചോ സാവകാശ ഹരജിയിലോ കോടതിയില്‍ കഴിഞ്ഞ ദിവസം വാദം നടന്നിട്ടില്ല. വാദമുണ്ടായത് പുനപ്പരിശോധനാ ഹരജികളില്‍ മാത്രമാണ്. മണ്ഡലകാലത്തിനു മുമ്പാണ് ബോര്‍ഡ് സാവകാശം തേടിയത്. വിധി നടപ്പിലാക്കാനും സാവകാശം വേണമോ എന്നതു സംബന്ധിച്ചും തീരുമാനമെടുക്കേണ്ടതും ബോര്‍ഡാണ്.

ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ തന്നോട് വിശദീകരണം തേടിയിട്ടില്ലെന്നും പ്രസിഡന്റ് പറയാത്ത ഒരു കാര്യവും താന്‍ കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും വാസു വ്യക്തമാക്കി.