വനിതാ ജഡ്ജിയെന്ന നടിയുടെ ആവശ്യം വിചാരണ നീട്ടുവാന്‍; കേസ് എറണാകുളത്തിന് പുറത്തേക്ക് മാറ്റരുതെന്ന്‌ പള്‍സര്‍ സുനി ഹൈക്കോടതിയില്‍

Posted on: February 7, 2019 10:49 am | Last updated: February 7, 2019 at 12:55 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റരുതെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. വിചാരണ നീട്ടുവാനും പ്രതികള്‍ക്ക് അനാവശ്യ ബുദ്ധിമുട്ടുണ്ടാക്കുന്നതിനുമാണ് നടിയുടെ ശ്രമമെന്നും സുനി ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു. കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നടത്തണമെന്നും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ഹരജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സുനിയുടെ അപേക്ഷ. രണ്ട് അപേക്ഷകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കേസ് മറ്റ് ജില്ലകളിലേക്ക് മാറ്റുന്നത് അഭിഭാഷകര്‍ക്കും സാക്ഷികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. സ്വതന്ത്രവും നീതിപൂര്‍വവുമായ വിചാരണയെ ഇത് ബാധിക്കുമെന്നും ജയിലിലായതിനാല്‍ മറ്റ് ജില്ലകളില്‍ കേസ് നടത്താന്‍ വരുമാനമില്ലെന്നും സുനിക്കായി അഭിഭാഷകന്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നുണ്ട്. കേസ് പരിഗണിക്കുന്നതിന് തശൂര്‍, എറണാകുളം ജില്ലയിലെ വനിതാ ജഡ്ജിമാര്‍ക്ക് ഒഴിവില്ലാത്തതിനാല്‍ പാലക്കാട് ജില്ലയിലെ ഒഴിവുള്ള വനിതാ ജഡ്ജിമാരുടെ ലിസ്റ്റ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രജിസ്ട്രാര്‍ ഇന്ന് ലിസ്റ്റ് കോടതിക്ക് കൈമാറാനിരിക്കെയാണ് അപേക്ഷയുമായി സുനി ഹൈക്കോടതിയിലെത്തിയിരിക്കുന്നത്.