Connect with us

Editorial

അഫ്ഗാനിലേത് പൊന്‍പുലരിയോ?

Published

|

Last Updated

ദോഹയില്‍ നടന്ന യു എസ്- താലിബാന്‍ ചര്‍ച്ചയില്‍ നിര്‍ണായക മുന്നേറ്റമുണ്ടായിരിക്കുന്നുവെന്നാണ് ഇരു പക്ഷത്തുമുള്ള നേതാക്കള്‍ അവകാശപ്പെടുന്നത്. മാസങ്ങള്‍ക്കകം യു എസ് സേന അഫ്ഗാനിസ്ഥാനില്‍ നിന്ന് പൂര്‍ണമായി പിന്‍വാങ്ങുമെന്നും അതോടെ സ്വയം നിര്‍ണയാവകാശത്തിന്റെയും സമാധാനത്തിന്റെയും നാളുകളിലേക്ക് രാജ്യം ഉണരുമെന്നുമാണ് പൊതുവേ പങ്കുവെക്കപ്പെടുന്ന പ്രതീക്ഷ. മുഹമ്മദ് അശ്‌റഫ് ഗനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് യാതൊരു പങ്കാളിത്തവുമില്ലാത്ത ചര്‍ച്ചയാണ് ദോഹയില്‍ നടന്നത്. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ താലിബാന്‍ പ്രതിനിധികളുമായി മോസ്‌കോയില്‍ മറ്റൊരു ചര്‍ച്ചക്കും തുടക്കം കുറിച്ചിട്ടുണ്ട്. എന്നുവെച്ചാല്‍ നിലവിലുള്ള സര്‍ക്കാര്‍ അക്ഷരാര്‍ഥത്തില്‍ നോക്കു കുത്തിയാകുകയാണ്. ഏതായാലും മെയില്‍ നടക്കുമെന്ന് കരുതപ്പെടുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പും ഇപ്പോള്‍ പല തലങ്ങളില്‍ നടക്കുന്ന അനുരഞ്ജന ചര്‍ച്ചകളും സംഘര്‍ഷഭരിതമായ ഈ രാജ്യത്തെ സ്വാസ്ഥ്യത്തിലേക്ക് നയിക്കുമെന്ന് തന്നെയാണ് പ്രത്യാശിക്കേണ്ടത്.

ആധുനിക അഫ്ഗാനിസ്ഥാന്റെ ചരിത്രം അധിനിവേശത്തിന്റെതും അതിനോടുള്ള ചെറുത്തു നില്‍പ്പിന്റെതുമാണ്. അഫ്ഗാന്റെ തന്ത്രപ്രധാനമായ സ്ഥാനം എല്ലാ കൊളോണിയല്‍ ശക്തികളെയും ആ രാജ്യത്തേക്ക് ആകര്‍ഷിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടീഷ് അധിനിവേശവും പിന്നീട് സോവിയറ്റ് മേധാവിത്വവും ഈ രാജ്യം അനുഭവിച്ചു. 2001ല്‍ അമേരിക്കന്‍ അധിനിവേശത്തിലമര്‍ന്നു അഫ്ഗാനിസ്ഥാന്‍. ഈ അധിനിവേശം ഇന്ന് രണ്ട് പതിറ്റാണ്ടിലെത്തുമ്പോള്‍ അതിബലവാനെന്ന് വാഴ്ത്തപ്പെടുന്ന ഡൊണാള്‍ഡ് ട്രംപിന്റെ കീഴിലുള്ള അമേരിക്ക അഫ്ഗാനില്‍ നിന്ന് തഞ്ചത്തില്‍ പിന്‍വാങ്ങുകയാണ്. ഈ പിന്‍മാറ്റം യാഥാര്‍ഥ്യമാകുന്നതോടെ, പുറത്തു നിന്നുള്ളവര്‍ക്ക് ദീര്‍ഘകാലം നിലനിന്നുപോകാനാകാത്ത ഇടമാണ് അഫ്ഗാനെന്ന വസ്തുതയാണ് ഊട്ടിയുറപ്പിക്കപ്പെടുന്നത്. ബ്രിട്ടീഷുകാര്‍ ദയനീയ പരാജയം ഏറ്റവാങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. അമേരിക്കന്‍ സഹായത്തോടെയാണെങ്കിലും സോവിയറ്റ് യൂനിയന്റെ ആധിപത്യത്തെയും തോല്‍പ്പിച്ചു. ലോക പോലീസിന്റെ അധികാരവും ഡോളര്‍ മേധാവിത്വവും കൈമുതലായുള്ള അമേരിക്കയും ഗതികെട്ട് മടങ്ങുന്നു. സങ്കീര്‍ണമായ ഗോത്ര വര്‍ഗ ഘടനയും പുറത്തു നിന്നുള്ളവരെ നിസ്സഹായരാക്കുന്ന ഭൂമിശാസ്ത്ര സവിശേതകളുമാണ് ഈ തോറ്റോടലിന്റെയെല്ലാം പിന്നില്‍. അഫ്ഗാന്‍ എന്ന ഭൂവിഭാഗം തന്നെ ഒരു കോട്ടയായി മാറുകയാണുണ്ടായത്. അത് സ്വയം സംരക്ഷിച്ചുവെന്ന് പറയുന്നതാകും ശരി.

സോവിയറ്റ് മേധാവിത്വം അവസാനിപ്പിക്കേണ്ടത് അമേരിക്കയുടെ ആവശ്യമായിരുന്നു. അതിന് അവര്‍ തദ്ദേശീയമായ വൈകാരികതയെ ഉപയോഗിച്ചു. ആയുധവും പണവും ഒഴുക്കി. ഈ ആയുധങ്ങളുടെ ബലത്തിലാണ് താലിബാന്‍ എന്ന സലഫിസ്റ്റ് തീവ്രവാദി സംഘം ശക്തി സംഭരിച്ചത്. സെപ്തംബര്‍ 11 ആക്രമണം അമേരിക്കയുടെ നിലപാടുകളെയാകെ അട്ടിമറിച്ചപ്പോള്‍ ഒരു കാലത്ത് തങ്ങള്‍ വളര്‍ത്തിക്കൊണ്ടുവന്ന താലിബാനെ അവര്‍ ശത്രുവായി പ്രഖ്യാപിച്ചു. താലിബാന്റെ ഭരണം തകര്‍ത്തു. ഹാമിദ് കര്‍സായിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ വന്നു. അമേരിക്കയുടെ ഭീകരവിരുദ്ധ യുദ്ധത്തിന്റെ മുഖ്യ കേന്ദ്രമായി അഫ്ഗാന്‍ മാറുകയായിരുന്നു. മുഴുവന്‍ തീവ്രവാദികളെയും തുടച്ചു നീക്കാതെ പിന്‍വാങ്ങില്ലെന്നാണ് പിന്നീട് വന്ന എല്ലാ യു എസ് പ്രസിഡന്റുമാരും പ്രഖ്യാപിച്ചത്. ട്രംപും വ്യത്യസ്തമായിരുന്നില്ല. 2009ല്‍ യു എന്‍ കണക്കെടുപ്പ് തുടങ്ങിയ ശേഷം മാത്രം 20,000 സിവിലിയന്‍മാര്‍ മരിച്ചു വീണു. 2,000 യു എസ് സൈനികര്‍ക്കും ജീവഹാനിയുണ്ടായി. ജനജീവിതം ദുസ്സഹമായി. ഈ യുദ്ധം ഒന്നും നേടിയില്ലെന്ന് ട്രംപ് തിരിച്ചറിയുന്നു. സാമ്പത്തികമായും സൈനികമായും വലിയ ബാധ്യതയായി മാറിയ അഫ്ഗാന്‍ യുദ്ധത്തില്‍ നിന്ന് എങ്ങനെയെങ്കിലും തലയൂരിക്കിട്ടിയാല്‍ മതിയെന്നായിരിക്കുന്നു.

അതുകൊണ്ട് താലിബാന്‍ പറയുന്ന എല്ലാ നിബന്ധനകളും അംഗീകരിക്കാന്‍ ട്രംപ് തയ്യാറാണ്. അശ്‌റഫ് ഗനി സര്‍ക്കാറിനെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കരുതെന്ന് താലിബാന്‍ ശഠിച്ചു. ട്രംപ് സമ്മതിച്ചു. യു എസ് സൈന്യം പിന്‍വാങ്ങുമെന്ന് നിരുപാധികം ഉറപ്പ് നല്‍കണമെന്ന് നിബന്ധന വെച്ചു. അതും അനുവദിച്ചു. ചുരുക്കത്തില്‍ അഫ്ഗാനെ താലിബാന് ഏല്‍പ്പിച്ചു കൊടുത്താണ് അമേരിക്ക തടിയെടുക്കുന്നത്. ഈ വിലപേശലിന് താലിബാനെ സജ്ജമാക്കുന്നത് ജനങ്ങളുടെ പിന്‍ബലമല്ല. സായുധമായ മേധാവിത്വമാണ്. രാജ്യത്തിന്റെ പകുതിയിലേറെ ഭാഗത്തും അവര്‍ക്കാണ് നിയന്ത്രണം. യു എസ് ഒഴിഞ്ഞ അഫ്ഗാനില്‍ അധികാരം താലിബാന്റെ കൈകളിലെത്തും. ചെറുത്തുനില്‍പ്പിന്റെ ചരിത്രവും ഭരണം കൈയാളിയതിന്റെ പാരമ്പര്യവും ചൂണ്ടിക്കാട്ടി താലിബാനെ വാഴ്ത്തുമ്പോള്‍ വസ്തുതകള്‍ വിസ്മരിക്കരുത്.

അക്രമമാണ് താലിബാന്റെ മാര്‍ഗം. സമാധാന ചര്‍ച്ചകള്‍ക്കിടയിലും, ഇന്നലെ കുന്ദുസില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് മരിച്ചത്. മത മൂല്യങ്ങളെ വളച്ചൊടിച്ച് തീവ്രവാദ പ്രവണതകള്‍ സൃഷ്ടിച്ച വഹാബിസത്തിലും മൗദൂദിസത്തിലുമാണ് അതിന്റെ വേരുകള്‍ ആഴ്ന്നു കിടക്കുന്നത്. അതുകൊണ്ട് താലിബാന്‍ വാഴ്ചയിലേക്ക് അഫ്ഗാന്‍ മാറുന്നതിനെ ആ ജനതയുടെ അഭിലാഷം സഫലമാകുന്നുവെന്ന് വ്യാഖ്യാനിക്കാനാകില്ല. ഇടപെട്ട മറ്റെല്ലായിടത്തുമെന്ന പോലെ അഫ്ഗാനിലും അമേരിക്ക ചെയ്യുന്നത് അനിശ്ചിതാവസ്ഥയിലേക്ക് തള്ളിയിട്ട് രക്ഷപ്പെടുകയാണ്. സാമ്രാജ്യത്വം ഒരു തീവ്രവാദ സംഘത്തേയും ഉന്‍മൂലനം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല, മറിച്ച് അവയെ വളര്‍ത്തി നിര്‍ത്തുകയാണ് ചെയ്യുന്നത്. താലിബാന്റെ കാര്യത്തിലും അത് തന്നെ സംഭവിക്കുന്നു.

Latest