ഹിന്ദ് സഫര്‍ സമാപന സമ്മേളനം വിജയിപ്പിക്കുക: നേതാക്കള്‍

Posted on: February 6, 2019 11:57 am | Last updated: February 6, 2019 at 12:01 pm

കോഴിക്കോട്: ഫെബ്രുവരി 7 ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ഹിന്ദ് സഫര്‍ സമാപന സമ്മേളനം വന്‍ വിജയമാക്കുന്നതിന് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങള്‍, ജനറല്‍ സെക്രട്ടറി മജീദ് കക്കാട് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

വ്യാഴാഴ്ച രാവിലെ 9 മണിക്ക് വഴിക്കടവില്‍ കേരള അതിര്‍ത്തിയില്‍ വെച്ച് ഹിന്ദ് സഫര്‍ യാത്രാ സംഘത്തെ സ്വീകരിക്കും. യാത്രാ സംഘത്തെ അനുഗമിച്ച് വരുന്ന വാഹനങ്ങള്‍ ദേശീയപാത വഴി മാവൂര്‍ റോഡ്, സി.എച്ച്.ഓവര്‍ ബ്രിഡ്ജ് കടന്ന് കടപ്പുറത്ത് സമ്മേളിക്കും. വൈകിട്ട് 4 മണിക്ക് മുതലക്കുളം മൈതാനിയില്‍ നിന്നാരംഭിക്കുന്ന തെരഞ്ഞെടുത്ത റെവല്യൂഷന്‍ ഗാര്‍ഡ് അംഗങ്ങളുടെ റാലിയോടെ സമ്മേളനത്തിന് തുടക്കമാവും. കഴിഞ്ഞ മാസം 12 ന് കാശ്മീര്‍ ഹസ്രത്ത്ബാല്‍ മസ്ജിദ് പരിസരത്ത് നിന്ന് ആരംഭിച്ച ഹിന്ദ് സഫര്‍ ഇരുപത്തിനാല് സംസ്ഥാനങ്ങളിലൂടെ പതിനാറായിരം കിലോമീറ്റര്‍ സഞ്ചരിച്ച് നാല്‍പ്പത് സ്വീകരണ കേന്ദ്രങ്ങള്‍ കടന്നാണ് കോഴിക്കോട് സമാപിക്കുന്നത്. സമാപന സമ്മേളനത്തിനായി ഒരു ലക്ഷം പേര്‍ക്ക് ഒരേ സമയം വീക്ഷിക്കാവുന്ന വിധമാണ് വേദി സംവിധാനിച്ചിരിക്കുന്നത്. സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘടന നേതാക്കള്‍ പങ്കെടക്കും.