കൊല്‍ക്കത്ത കമ്മീഷണറെ ചോദ്യം ചെയ്യാന്‍ സിബിഐ സംഘത്തെ നിയോഗിച്ചു; ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ച

Posted on: February 6, 2019 11:28 am | Last updated: February 6, 2019 at 12:11 pm

കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള സംഘത്തെ സിബിഐ നിയോഗിച്ചു. ഡിഎസ്പി റാങ്കിലുള്ള തഥാഗത ബര്‍ധന്റെ നേതൃത്വത്തില്‍ അഞ്ചംഗ സിബിഐ സംഘമാണ് രാജീവ് കുമാറിനെ ചോദ്യം ചെയ്യുന്നത്. വെള്ളിയാഴ്ച മേഘാലയയിലെ ഷില്ലോംഗില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള സംഘത്തെ സിബിഐ നിയോഗിച്ചത്.

രാജീവ് കുമാര്‍ സി ബി ഐക്ക് മുമ്പാകെ ഹാജരാകണമെന്ന് ഉത്തരവിട്ട കോടതി അറസ്റ്റ് പാടില്ലെന്നും വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. രാജീവ് കുമാറിനെ ഡല്‍ഹിയില്‍ വെച്ച് ചോദ്യം ചെയ്യണമെന്ന സി ബി ഐയുടെ ആവശ്യവും കൊല്‍ക്കത്തയില്‍ വെച്ച് ചോദ്യം ചെയ്യണമെന്ന കമ്മീഷണറുടെ ആവശ്യവും തള്ളിയ കോടതി ഷില്ലോംഗിലെ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായാല്‍ മതിയെന്ന് വ്യക്തമാക്കുകയായിരുന്നു.

ശാരദാ, റോസ്‌വാലി ചിട്ടിതട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് കാണാതായ തെളിവുകള്‍ കണ്ടെത്തുന്നതിനു വേണ്ടിയാണ് രാജീവ് കുമാറിനെ ചോദ്യം ചെയ്യുന്നത്. രാജീവ് കുമാറിന്റെ കസ്റ്റഡിയില്‍ കേസുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകള്‍ അടങ്ങിയ പെന്‍െ്രെഡവ് ഉണ്ടെന്നാണ് സിബിഐ കരുതുന്നത്.