ഷില്ലോംഗിലേക്കു പോകൂ. അതൊരു തണുപ്പുള്ള സ്ഥലമാണ്; കമ്മീഷണറോടും സി ബി ഐയോടും സുപ്രീം കോടതി

Posted on: February 6, 2019 12:07 am | Last updated: February 6, 2019 at 10:23 am

ന്യൂഡല്‍ഹി: ‘ഷില്ലോംഗിലേക്കു പോകൂ. അതൊരു തണുപ്പുള്ള സ്ഥലമാണ്. ഇരു പക്ഷവും അവിടെയെത്തിയാല്‍ തണുക്കും.’ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെതാണ് ഈ വാക്കുകള്‍. ശാരദ ചിട്ടി തട്ടിപ്പു കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ സി ബി ഐ മുമ്പാകെ ഹാജരാവണമെന്ന ഉത്തരവു പുറപ്പെടുവിച്ച ശേഷമാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.

ജസ്റ്റിസുമാരായ ദീപ്ക ഗുപ്തയും സഞ്ജീവ് ഖന്നയും ഉള്‍പ്പെട്ട ബഞ്ച് ഉത്തരവ് തയാറാക്കി കഴിഞ്ഞ ഉടനെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് നിഷ്പക്ഷ സ്ഥലം സംബന്ധിച്ച വിഷയം ഉന്നയിച്ചത്. അനാവശ്യമായ എല്ലാ വിവാദങ്ങളും ഒഴിവാക്കുന്നതിന് പോലീസ് കമ്മീഷണര്‍ മേഘാലയിലെ ഷില്ലോംഗില്‍ വച്ച് സി ബി ഐ മുമ്പാകെ ഹാജരാവണമെന്നും അതിനുള്ള തീയതി തീരുമാനിക്കണമെന്നും തുടര്‍ന്ന് കോടതി ഉത്തരവിടുകയായിരുന്നു.