പശ്ചിമ ബംഗാള്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍

Posted on: February 5, 2019 9:29 am | Last updated: February 5, 2019 at 11:25 am

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ സര്‍ക്കാറിനെതിരെയും പോലീസിനെതിരേയും സിബിഐ നല്‍കിയ ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ശാരദ ചിട്ടി തട്ടിപ്പ് കേസ് അന്വേഷണവുമായി മുന്നോട്ട് പോകാന്‍ കോടതിയുടെ ഇടപെടല്‍ ആവശ്യമാണെന്ന് സിബിഐ ഹരജിയില്‍ പറയുന്നു. കേസിലെ പല തെളിവുകളും പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ നശിപ്പിച്ചുവെന്നും അതിനാല്‍ കമ്മീഷണറെ ചോദ്യം ചെയ്യണമെന്നും സിബിഐ ആവശ്യപ്പെടുന്നുണ്ട്.

കമ്മീഷണര്‍ തെളിവ് നശിപ്പിച്ചുവെങ്കില്‍ അതിനുള്ള തെളിവ് ഹാജരാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഒരു ചുവന്ന ഡയറിയും ഒരു പെന്‍ഡ്രൈവും കാണാതായി എന്നാണ് സിബിഐ കോടതിയില്‍ പറഞ്ഞത്. ഇത് എന്ത് തെളിവാണെന്നും എങ്ങിനെ നശിപ്പിക്കപ്പെട്ടുവെന്നും കോടതിയില്‍ തെളിയിക്കേണ്ട ഉത്തരവാദിത്വം സിബിഐക്കാണ്.

പശ്ചിമ ബംഗാള്‍ സെക്രട്ടറിക്കും ഡിജിപിക്കും കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ക്കും എതിരായ കോടതിയലക്ഷ്യ ഹരജിയും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.